പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ പ്രചരണത്തിനായി നിർമിക്കുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സർട്ടിഫിക്കേഷൻ നിർബന്ധം.
പത്രം, ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾക്കാണ് ഈ കമ്മിറ്റിയുടെ സർട്ടിഫിക്കേഷൻ എടുക്കേണ്ടത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നൽകേണ്ടത്.സർട്ടിഫിക്കേഷൻ ഇല്ലാത്ത പരസ്യങ്ങൾ എം.സി.എം.സി.യുടെ ലംഘനമായി കണക്കാക്കും. ഫോണ്: 04912505329.
പരസ്യങ്ങൾ നിരീക്ഷിക്കുന്നത്
എംസിഎംസി സെല്ല് മുഖേന
പാലക്കാട്: അച്ചടിദൃശ്യശ്രവ്യ മാധ്യമങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ സർട്ടിഫിക്കേഷൻ, പെയ്ഡ് ന്യൂസ് നിരീക്ഷണം എന്നിവ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ എം.സി.എം.സി സെൽ മുഖേനയാണ് നടത്തുന്നത്.
വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ചട്ട ലംഘനങ്ങളുടെ പരിശോധന, സ്ഥാനാർത്ഥിയുടെ ചെലവ് സംബന്ധമായ പ്രകടമായതും അല്ലാത്തതുമായ രാഷ്ട്രീയ പരസ്യങ്ങളുടെ സസൂക്ഷ്മ നിരീക്ഷണം, സ്ഥാനാർത്ഥിയുടെ അറിവോടെയല്ലാതെ പത്ര മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾ തുടങ്ങിയവ സെൽ പരിശോധിക്കും.
മറ്റു രാജ്യങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ, മതപരമായതും പ്രത്യേക വിഭാഗങ്ങളെയും കേന്ദ്രീകരിച്ചുള്ള പരസ്യ പ്രചരണങ്ങൾ, അക്രമണത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളവ, കോടതിയലക്ഷ്യമായവ, കോടതികൾ, രാഷ്ട്രപതി എന്നിവരെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളത്, രാഷ്ട്രത്തിന്റെ ഐക്യത്തെയും പരമാധികാരത്തെയും ബാധിക്കുന്ന പ്രചരണങ്ങൾ, വ്യക്തികളുടെ പേരിലുള്ള വിമർശനം തുടങ്ങിയ വാർത്തകൾ, പരസ്യങ്ങൾ, പ്രസ്തവനകൾ എന്നിവയും കമ്മിറ്റി പരിശോധിക്കുന്നുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ.കെ. ഉണ്ണികൃഷ്ണനാണ് എം.സി.എം.സിയുടെ നോഡൽ ഓഫീസർ. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടർ മൃണ്മയി ജോഷി, ആർ.ഡി.ഒ എൻ.എസ് ബിന്ദു, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ സ്മിതി, മാധ്യമപ്രവർത്തകൻ അബ്ദുൾ ലത്തീഫ് നഹ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ.കെ. ഉണ്ണികൃഷ്ണൻ എന്നിവരുൾപ്പെടുന്ന അഞ്ചംഗ സമിതിയാണ് എം.സി.എം.സി.യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മലന്പുഴ മണ്ഡലം യോഗം ഇന്ന്
പാലക്കാട്: മലന്പുഴ നിയമസഭാ മണ്ഡലത്തിലെ ജനറൽ ഒബ്സർവർ, സ്ഥാനാർത്ഥികൾ, അവരുടെ ഇലക്ഷൻ ഏജന്റ്, എക്സ്പെന്റിച്ചർ ഏജന്റ്, പോലീസ് ഉദ്യോഗസ്ഥർ, കോവിഡ് പ്രോട്ടോക്കോൾ ഓഫീസർ, ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസർ എന്നിവരുടെ യോഗം ഉച്ചയ്ക്ക് രണ്ടിന് മലന്പുഴ ബ്ലോക്ക് ഡെവലപെന്റ് ഓഫീസ് ഹാളിൽ നടക്കുമെന്ന് വരണാധികാരി അറിയിച്ചു.
നിയോഗിച്ചു
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെന്മാറ നിയോജകമണ്ഡലത്തിലെ ചെമ്മണാംപതി, ഗോവിന്ദാപുരം ചെക്പോസ്റ്റുകളിൽ അഡീഷണൽ സ്റ്റാറ്റിക് സർവെയലൻസ് ടീമിനെ നിയോഗിച്ചു. ഓരോ ചെക്പോസ്റ്റിലും മൂന്നു പേരടങ്ങുന്ന ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ടീമിന്റെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റായി അട്ടപ്പാടി താലൂക്ക് തഹസിൽദാർ പി.ടി.വേണുഗോപാലിനെ നിയമിച്ചു.