നവാസ് മേത്തർ
തലശേരി: തെരഞ്ഞെടുപ്പിൽ സർവേ നടത്തി അനുകൂല പ്രവചനം നടത്താനും വിജയം ഉറപ്പിക്കാനും തന്ത്രങ്ങളുമായി അന്താരാഷ്ട്ര ഏജൻസികൾ രംഗത്ത്.
അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസികളുടെ വൻ ഓഫറുകളാണ് കേരളത്തിലെ വിവിധ സ്ഥാനാർഥികൾക്കു മുന്നിലെത്തുന്നത്.
ലക്ഷങ്ങളുടഎയും കോടികളുടെയും ഇത്തരം പാക്കേജുകൾക്കു മുന്നിൽ അന്തം വിട്ടു നിൽക്കുകയാണ് കേരളത്തിലെ വിവിധ മുന്നണികളിലെ സ്ഥാനാർഥികളുടെ അടുപ്പക്കാർ.
ഒരു സാധ്യതയുമില്ലാത്ത മണ്ഡലത്തിൽ പോലും വിജയിപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങളും ലാപ്ടോപ്പിൽ കരുതിയാണ് ഇവർ എത്തിയിട്ടുള്ളത്.
വിദേശികളടക്കം
വിദേശികൾ ഉൾപ്പെടെയുള്ള സംഘമാണ് ഈ ഓപ്പറേഷനു പിന്നിൽ. മുംബൈ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിജയം വാഗ്ദാനം ചെയ്തു കേരളത്തിലെത്തിയിട്ടുള്ളത്.
മൾട്ടി ലെവൽ മാർക്കറ്റിംഗ് പോലെയാണ് ഇവർ തങ്ങളുടെ പദധതികൾ ബന്ധപ്പെട്ടവർക്ക് വിശദീകരിച്ചു നൽകുന്നത്.
നവമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വിജയം ഉറപ്പു നൽകുന്ന ഇത്തരം ഏജൻസികളുടെ വാഗ്ദാനത്തിൽ കേരളത്തിലെ പല സ്ഥാനാർഥികളും വീണ് കഴിഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ഉത്തരേന്ത്യൻ രീതി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ഏജൻസികൾ നടപ്പിലാക്കിയ വിജയ രഹസ്യങ്ങളും അവർ പങ്കു വയ്ക്കുന്നുണ്ട്. ആഡംബര വാഹനങ്ങളിലെത്തി സ്ഥാനാർഥിയുടെ അടുപ്പക്കാരനെ കണ്ടെത്തി ആദ്യം പദ്ധതി അവതരിപ്പിക്കും.
പിന്നീട് സ്ഥാനാർഥിയുടെ മുന്നിലും ഈ സംഘം എത്തും. അതീവ രഹസ്യമായാണ് ഓരോ ഓപ്പറേഷനുകളും നടക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഏജൻസികളുടെ സാന്നിധ്യം ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
കരാർ ഉറപ്പിച്ചു കഴിഞ്ഞാൽ സ്ഥാനാർഥിയോടൊപ്പം കാമറകളുമായി ഈ ഏജൻസിയുടെ പ്രവർത്തകർ ഉണ്ടാകും. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസികൾക്കു പുറമെ കേരളത്തിലെ പല കൊച്ചു കൊച്ചു ഏജൻസികളും സ്ഥാനാർഥികൾക്ക് മോഹന വാഗ്ദാനവുമായി രംഗത്തുണ്ട്.
ഏതായാലും കേരളത്തിൽ ഈ ഏജൻസികളുടെ സാന്നിധ്യമുള്ള മണ്ഡലങ്ങളിൽ ചില അട്ടിമറി വിജയങ്ങൾ ഉണ്ടാകുമെന്നു വിശ്വസിക്കുന്നവരുമുണ്ട്.
എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പയറ്റിയ ഇത്തരം കളികൾ കേരളത്തിൽ വിലപ്പോകില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.