മുക്കം: തെരഞ്ഞെടുപ്പായാലും കായിക മത്സരങ്ങളായാലും നാട്ടിൻ പുറങ്ങളിൽ പന്തയങ്ങൾ പുതുമയുള്ള കാഴ്ചയൊന്നുമല്ല.പക്ഷെ, കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ രണ്ട് സുഹൃത്തുക്കൾ നടത്തിയ പന്തയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നോർത്ത് കാരശേരി സ്വദേശി ജംഷീറും മലാംകുന്ന് സ്വദേശി ഹരിദാസനും തമ്മിലാണ് പന്തയംവച്ചത്. പക്ഷേ, ഇത് സാധാരണ വാക്കാലുള്ള പന്തയമല്ല. പന്തയം രണ്ട് സാക്ഷികൾ മുഖേന ടൈപ്പ് ചെയ്തെടുത്ത് എഗ്രിമെന്റ് പേപ്പറാക്കിയിരിക്കുകയാണ്. ഇത് ഇതിനകം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി.
സാധാരണയായി ഭക്ഷണത്തിനും ജ്യൂസിനുമൊക്കെയായി ചെറിയ ചെറിയ പന്തയങ്ങൾ നടക്കാറുണ്ടങ്കിലും ഇത്തരത്തിൽ എഗ്രിമെന്റ് തയാറാക്കി വയ്ക്കുന്നത് ആദ്യമാണ്. എഗ്രിമെന്റിൽ എഴുതിയ കാര്യങ്ങളും കൗതുകമുണർത്തുന്നതാണ്.
“തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർഥി സി.പി.ചെറിയമുഹമ്മദ് വിജയിക്കുമെന്ന് ഹരിദാസനും ഇടത് സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിക്കുമെന്ന് ജംഷീറും പന്തയം വച്ചിരിക്കുന്നു എന്നും പന്തയത്തിൽ പരാജയപ്പെടുന്നവർ മുക്കം “നഹ്ദി മന്തി’യിൽ നിന്ന് ഒരു ഫുൾ മന്തിയും നോർത്ത് കാരശേരിയിലെ കോകോ നേഷൻ റെസ്റ്റോറന്റിൽ നിന്ന് ഒരു ഫുൾ ബ്രോസ്റ്റ് ചിക്കനും വിജയിക്കുന്ന ആൾക്ക് തെരഞ്ഞെടുപ്പ് റിസൽട്ട് പ്രഖ്യാപിച്ച് ഏഴ് ദിവസത്തിനകം വാങ്ങി നൽകുന്നതാണ്” എന്നതാണ് എഗ്രിമെന്റിന്റെ ഉള്ളടക്കം.
ഷബീർ പുത്തൻവീട്ടിൽ, അബ്ദുൽ ഗഫൂർ കൊട്ടുപുറത്ത് എന്നിവർ സാക്ഷികളായി ഒപ്പുവച്ചിട്ടുമുണ്ട്.എഗ്രിമെന്റ് വൈറലായതോടെ മറ്റ് സ്ഥലങ്ങളിലും ഇത്തരത്തിൽ പന്തയങ്ങളും എഗ്രിമെന്റുകളും ഇപ്പോൾ നടന്നുവരുന്നുമുണ്ട്.