ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ഗുരുദാസ്പുർ സീറ്റ് തിരിച്ചു പിടിക്കാൻ പരേതനായ വിനോദ് ഖന്നയുടെ ഭാര്യയെയോ പുത്രനെയോ ഇറക്കാൻ ബിജെപി ശ്രമം. വിനോദ് ഖന്ന നാലുതവണ ബിജെപി ടിക്കറ്റിൽ ജയിച്ച മണ്ഡലമാണിത്.
2017ൽ ഖന്നയുടെ മരണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ മുംബൈയിലെ ബിസിനസുകാരൻ സ്വരൺ സിംഗ് സലാരിയയെ ബിജെപി നിർത്തി. കോൺഗ്രസിന്റെ സുനിൽ ജാഖർ ജയിച്ചു. ഇത്തവണ ജാഖറെ നേരിടാൻ വിനോദ് ഖന്നയുടെ ഭാര്യ കവിതാ ഖന്നയോ മകനും നടനുമായ അക്ഷയ് ഖന്നയോ വേണമെന്ന് ബിജെപി കരുതുന്നു.
2014-ൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് അരുൺ ജയ്റ്റ്ലിയെ തോല്പിച്ച അമൃത്സറിലും ബിജെപി സ്ഥാനാർഥിയെ തെരയുകയാണ്. അമരീന്ദർ മുഖ്യമന്ത്രിയായ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗുരുജിത് സിംഗ് ഔജല ജയിച്ചു.