ആലപ്പുഴ: പ്രചരണമവസാനിപ്പിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ കൈ-മെയ് മറന്ന് സ്ഥാനാർഥികൾ മണ്ഡലത്തിൽ സജീവം. ആടിനിൽക്കുന്ന വോട്ടുകൾ പെട്ടിയിലാക്കാൻ അവസാന തന്ത്രങ്ങൾ വരെ പുറത്തെടുത്തുള്ള പ്രചരണമാണ് മുന്നണികൾ നടത്തുന്നത്. റോഡ് ഷോകളും അനൗണ്സ്മെന്റുകളുമായി പ്രചരണ വാഹനങ്ങളും ആലപ്പുഴ-മാവേലിക്കര മണ്ഡലങ്ങളിൽ തലങ്ങും വിലങ്ങും പോകുന്നു.
ഇതിനിടെ സ്ഥാനാർഥികളുടെ കുടുംബാംഗങ്ങലും സജീവ പ്രചാരണത്തിന് രംഗത്തുണ്ട്. മുന്നണി സ്ഥാനാർഥികൾ എല്ലാവരും വിജയപ്രതീക്ഷയിൽ തന്നെയാണ്. ചിലയിടങ്ങളിൽ കഴിഞ്ഞദിവസം പെയ്ത മഴ അന്തരീക്ഷത്തെ ചെറുതായി ഒന്ന് തണുപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് ചൂടിന് അതു കുറവു വരുത്തിയില്ല.
രാഹുൽഗാന്ധി, സീതാറാം യെച്ചൂരി, അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കളടക്കം വോട്ടുതേടി എത്തുകയും എത്താനിരിക്കുകയും ചെയ്യുന്നു. ഇവരുടെയെല്ലാം വാക്ധോരണികൾ അനുകൂല വോട്ടാകുമെന്നും മുന്നണികൾ പ്രതീക്ഷിക്കുന്നുണ്ട്. ആർക്കു വോട്ടുചെയ്യണമെന്ന് വോട്ടർമാർ ഉറപ്പിക്കുന്ന ദിനങ്ങൾ കൂടിയാണ് വരുന്ന ദിനങ്ങളെന്നതിനാൽ സ്ഥാനാർഥികളും അണികളും അത് നേടിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലുമാണ്.
അതിനായി അവരവരുടെ സ്ഥാനാർഥികളുടെ ഗുണങ്ങളും എതിർസ്ഥാനാർഥികളുടെ ദോഷങ്ങളും ആരോപണങ്ങൾക്കുള്ള മറുപടിയുമെല്ലാം ജനസമക്ഷം പരമാവധി എത്തിക്കാനുള്ള ശ്രമമാണ്. തെരുവുകളിലൂടെ പായുന്ന അനൗണ്സ്മെന്റ് വാഹനങ്ങളിലൂടെ സ്ഥാനാർഥികൾക്കായിറക്കിയ പാട്ടുകൾക്കൊപ്പം മേൽപ്പറഞ്ഞ വാക്ധോരണികളും ഏറെ കേൾക്കാം. ഇതുവരെ ചെല്ലാനാകാത്ത വഴികളിലൂടെ സ്ഥാനാർഥികളും ഓട്ടപ്രദക്ഷിണം നടത്തുന്നു.
ആലപ്പുഴയിൽ ത്രികോണ മത്സരത്തിന്റെ വീറും വാശിയും നിറഞ്ഞു. വിജയം ആർക്കൊപ്പമെന്ന് പ്രവചിക്കാൻ സാധ്യമല്ലെന്നതാണ് അവസ്ഥ. ആദ്യഘട്ടത്തിൽ പ്രചാരണ രംഗത്തു എൽഡിഎഫ് നേടിയ മുന്നേറ്റത്തെ യുഡിഎഫും എൻഡിഎയും വേഗതയിൽ പിന്തുടർന്നെത്തി.രാഹുൽഗാന്ധിയെ കഴിഞ്ഞദിവസം ആലപ്പുഴയിലെത്തിച്ചതോടെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനും ശുഭാപ്തി വിശ്വാസത്തിലാണ്.
അന്നുകണ്ട ജനക്കൂട്ടം യുഡിഎഫ് ക്യാന്പിൽ ആവേശം വർധിപ്പിച്ചു. ഇടതുപക്ഷത്തെ ലക്ഷ്യമിടാതെ ബിജെപി-ആർഎസ്എസിനെ ലക്ഷ്യമിട്ടതു വഴി ആടിനിൽക്കുന്ന വോട്ടിനെ കൂടി സമാഹരിക്കാനാകുമെന്നതാണ് ഇവരുടെ കണക്കുകൂട്ടൽ. കോണ്ഗ്രസിൽ ഭിന്നത പ്രത്യക്ഷത്തിൽ പ്രകടമല്ലാത്തതും ഘടകകക്ഷികളുടെ അകമഴിഞ്ഞ പിന്തുണയും ഏറെ ഉൗർജം നല്കുന്നുണ്ട്.
ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ് ഇടതു-വലതു സ്ഥാനാർഥികൾ. ഈ വിഭാഗം വോട്ടുകളെ നേടിയെടുക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം. എൽഡിഎഫാകട്ടെ നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായിയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുമടക്കമുള്ള നേതാക്കളെ ആലപ്പുഴയിലെ സ്ഥാനാർഥി എ.എം. ആരിഫിന്റെ പ്രചരണത്തിനായി എത്തിച്ചിരുന്നു. സർക്കാരിന്റെ വികസനം തന്നെയാണ് ഇവരുടെ മുഖ്യപ്രചരണവും. ഇതിനിടെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കേണ്ടിയും വരുന്നുവെന്നതാണ് ഏക പ്രശ്നം.
എൻഡിഎ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണനും സജീവ ഓട്ടത്തിലാണ്. ശബരിമലയും പ്രളയവും നരേന്ദ്രമോദി സർക്കാരിന്റെ വികസനവുമെല്ലാം ഇവർ പ്രചരണായുധങ്ങളാക്കുന്നു. വരും ദിവസങ്ങളിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായടക്കമുള്ള നേതാക്കൾ കൂടി ആലപ്പുഴയിലേക്കെത്തുന്നുണ്ട്.