ആലത്തൂർ പാർലമെന്റ് മണ്ഡലം നിലവിൽ വന്നിട്ടു പത്തുവർഷമേ ആയിട്ടുള്ളൂ. മത്സരം ഇതു മൂന്നാംതവണ. ഒറ്റപ്പാലം സംവരണമണ്ഡലമാണ് ആലത്തൂരായി മാറിയത്. മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ ലോക്സഭയിലെത്തിച്ച മണ്ഡലമെന്ന ഖ്യാതിയാണ് ഒറ്റപ്പാലത്തിനുള്ളത്. തൃശൂർ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, പാലക്കാട് ജില്ലയിലെ തരൂർ, ആലത്തൂർ, നെന്മാറ, ചിറ്റൂർ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മണ്ഡലം.
ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും ഇടതുമുന്നണിയാണ് വിജയിച്ചത്. വടക്കാഞ്ചേരിയാണ് യുഡിഎഫിനൊപ്പം നിലകൊള്ളുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കാക്കിയാൽ എൽഡിഎഫിന് 91,803 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
മണ്ഡലത്തിലെ ആദ്യ എംപി എസ്എഫ്ഐ ദേശീയ പ്രസിഡന്റായിരുന്ന കോട്ടയം സ്വദേശി പി.കെ. ബിജുവാണ്. അന്നു കോണ്‍ഗ്രസിലെ എൻ.കെ. സുധീറിനെ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു തോൽപ്പിച്ചത്. 2014ലും പി.കെ. ബിജു തന്നെ ജയിച്ചു. കോൺഗ്രസിലെ കെ.എ. ഷീബയെ 37,312 വോട്ടിനു പരാജയപ്പെടുത്തി.
ജനപ്രിയ സ്ഥാനാർഥികളെ മത്സരിപ്പിച്ചാൽ കഴിഞ്ഞ പത്തു വർഷമായി എൽഡിഎഫ് കൈവശം വച്ചിട്ടുള്ള മണ്ഡലം പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി ഫുട്ബോൾ താരം ഐ.എം. വിജയന്റെയും മുൻമന്ത്രി പന്തളം സുധാകരന്റെയും പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. മത്സരിക്കാനില്ലെന്ന് ഐ.എം. വിജയൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ശക്തമായ സമ്മർദം ഉണ്ടായാൽ മത്സരിക്കാൻ തയാറാവുമെന്നാണ് സൂചന.
കഴിഞ്ഞ തവണത്തെ സ്ഥാനാർഥി കെ.എ. ഷീബയ്ക്ക് ഒരു അവസരംകൂടി നല്‍കണമെന്ന അഭിപ്രായവും കോണ്‍ഗ്രസിലുണ്ട്. അന്നു പരാജയപ്പെട്ടെങ്കിലും വോട്ടിലുണ്ടായ വർധന പ്രതീക്ഷ നല്‍കുന്നതാണ്. ബിജെപിയിൽനിന്ന് കഴിഞ്ഞ തവണ മത്സരിച്ച ഷാജുമോൻ വട്ടേക്കാടായിരിക്കും ഇത്തവണയും മത്സരിക്കുക.
നെല്ലിയാന്പതി, പറന്പിക്കുളം – ആളിയാർ കരാർ, നെൽകർഷകരുടെയും മലയോര കർഷകരുടെയും പ്രശ്നങ്ങൾ തുടങ്ങിയവയാണ് മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പു വിഷയങ്ങൾ. ഏറെ സമരങ്ങൾ നടത്തിയിട്ടും മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊല്ലങ്കോട്, പുതുനഗരം റെയിൽവേ സ്റ്റേഷനുകളിൽ അമൃത എക്സ്പ്രസ് ട്രെയിനു സ്റ്റോപ്പ് വാങ്ങിച്ചെടുക്കാനും കൂടുതൽ ട്രെയിനുകൾ നേടിയെടുക്കാനും എംപിക്കു കഴിഞ്ഞിട്ടില്ലെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തുണ്ട്.
പൊള്ളാച്ചിയിൽനിന്നും പഴനി, മധുരയിലേക്ക് സർവീസ് നീട്ടാനും, ഉദുമൽപേട്ടയിൽ സ്റ്റോപ്പ് നേടിയെടുക്കാനും തമിഴ്നാട്ടിലെ ജനപ്രതിനിധികൾക്കു കഴിഞ്ഞുവെന്നും യുഡിഎഫ് സമർഥിക്കുന്നു.
എം.വി. വസന്ത്
2014ൽ പ്രധാന സ്ഥാനാർഥികൾക്കു ലഭിച്ച വോട്ട്
പി.കെ. ബിജു സിപിഎം 411808
കെ.എ. ഷീബ കോണ്‍ഗ്രസ് 374496
ഷാജുമോൻ വട്ടേക്കാട് ബിജെപി 87803
ഭൂരിപക്ഷം: 37,312
ലോക്സഭാ വിജയികൾ 1980 മുതൽ
ആലത്തൂർ ( വർഷം, വിജയി, പാർട്ടി, ഭൂരിപക്ഷം)
1980 – എ.കെ. ബാലൻ സിപിഎം 23,408
1984 – കെ.ആർ. നാരായണൻ കോണ്‍ഗ്രസ് 55,570
1989 – കെ.ആർ. നാരായണൻ കോണ്‍ഗ്രസ് 26,187
1991 – കെ.ആർ. നാരായണൻ കോണ്‍ഗ്രസ് 15,088
1993 – എസ്. ശിവരാമൻ സിപിഎം 1,33,674
1996 – എസ്. അജയകുമാർ സിപിഎം 23,064
1998 – എസ്. അജയകുമാർ സിപിഎം 19,800
1999 – എസ്. അജയകുമാർ സിപിഎം 13,715
2004 – എസ്. അജയകുമാർ സിപിഎം 70,410
2009 – പി.കെ. ബിജു സിപിഎം 20,960
നിയമസഭാ മണ്ഡലങ്ങളിലെ നില: 2014 ലോക്സഭാ തെരഞ്ഞെടുപ്പ്, 2016 നിയമസഭാ തെരഞ്ഞെടുപ്പ് എന്ന ക്രമത്തിൽ
2016 2016
തരൂർ
UDF 49563 43979
LDF 54510 67047
NDA 9226 15493
ചിറ്റൂർ
UDF 52568 61985
LDF 59155 69270
NDA 11585 12537
നെന്മാറ
UDF 54887 58908
LDF 59802 66316
NDA 15602 23096
ആലത്തൂർ
UDF 48092 35146
LDF 58613 71206
NDA 9134 19610
ചേലക്കര
UDF 54801 57571
LDF 58759 67771
NDA 14564 23845
കുന്നംകുളം
UDF 54262 55492
LDF 58079 63274
NDA 14559 29325
വടക്കാഞ്ചേരി
UDF 59729 65535
LDF 62392 65492
NDA 13082 26652