സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വർഷം ഒന്ന് പിന്നിട്ടിട്ടും ഡപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് അലവൻസ് ഇനിയും നൽകിയില്ല . എന്നാൽ പോലീസുകാർക്ക് നല്കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലായി 110 ഉദ്യോഗസ്ഥരെയാണ് വിവിധ സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, ജൂണിയർ സൂപ്രണ്ട് തുടങ്ങി ജില്ലാ ഓഫീസർമാരാണ് തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചത്. ഇവരെ കൂടാതെ നാല് താലൂക്കുകളിലായി 24 ഇആർഒമാരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ഓണറേറിയം അനുവദിക്കാത്തത് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ട്.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ നിയോഗിച്ചിരുന്ന പോലീസുകാരുടെ തെരഞ്ഞെടുപ്പ് അലവൻസ് 2016 ജൂൺ മാസത്തിൽ തന്നെ നൽകുകയും ചെയ്തിരുന്നു.സാധാരണയായി തെരഞ്ഞെടുപ്പു കഴിഞ്ഞാൽ രണ്ടു മാസത്തിനകം ഓണറേറിയം നൽകാറുണ്ട്. സാധാരണ ശന്പളത്തിനു പുറമെ ഇരട്ടി തുക ലഭിക്കുന്ന രീതിയിലാണ് ഓണറേറിയം നല്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഓണറേറിയം നൽകാൻ സാധിക്കാത്തതെന്നാണ് ധനകാര്യ വകുപ്പിൽ നിന്നും ലഭിക്കുന്ന മറുപടി. കണ്ണൂർ പോലുള്ള പ്രശ്നബാധിത ജില്ലയിൽ രാവും പകലും അധികം ജോലി ചെയ്തതിന്റെ വേതനം വർഷം പിന്നിട്ടിട്ടും നൽകാനാവാത്തത് സർക്കാരിന്റെ വീഴ്ചയായി ചൂണ്ടി കാണിക്കുന്നു. പതിനാലാമത് കേരളാ നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2016 മെയ് 16നാണ് നടന്നത്.