തുറവൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പ് അരൂരിൽ ഇക്കുറി മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടം. ഗൗരിയമ്മയിലൂടെ സിപിഎമ്മിന്റെ കുത്തകയായിരുന്ന അരൂർ നിയോജകമണ്ഡലം ഗൗരിയമ്മ പാർട്ടി വിട്ട് ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫിൽ ചേർന്നതോടെ യുഡിഎഫ് പക്ഷത്തേക്ക് മാറുകയായിരുന്നു. പിന്നീട് ഗൗരിയമ്മയുടെ തന്നെ രാഷ്ട്രീയ ശിഷ്യനായ എ.എം. ആരിഫിലൂടെ സിപിഎം 2006 ൽ മണ്ഡലം തിരിച്ചു പിടിച്ചു.
ആദ്യ മത്സരത്തിൽത്തന്നെ കേരള രാഷ്ട്രീയത്തിലെ തറവാട്ടമ്മയെ 6000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആരിഫ് പരാജയപ്പെടുത്തിയത്. 2011 ൽ ഡിസിസി പ്രസിഡന്റായിരുന്ന എ.എ. ഷുക്കുറിനേയും, 2016ൽ കെപിസിസി സെക്രട്ടറിയായിരുന്ന സി.ആർ. ജയപ്രകാശിനെ 35000 ൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിലും പരാജയപ്പെടുത്തി. തുടർന്ന് ഒരോ തവണയും ഭൂരിപക്ഷം ഉയർത്തി ഹാട്രിക് വിജയത്തിന് ശേഷമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ആരിഫ് വീണ്ടും വിജയക്കൊടി പാറിച്ചത്.
കേരളത്തിലെ യുഡിഎഫ് തരംഗത്തിനിടയിലും ആരിഫിന്റെ വിജയം രാഷ്ട്രീയ വ്യത്തങ്ങളിൽ ചർച്ചയായിരുന്നു.എന്നാൽ അരൂരിൽ നിന്ന് നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ആരിഫ് ലോക്സഭാ തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ പിന്നിലായിരുന്നു.
ഇതു മണ്ഡലത്തിൽ ഒരു തിരിച്ചു വരവിനുള്ള വഴി തെളിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാന്പുകൾ. അതുകൊണ്ടുതന്നെ യുഡിഎഫ് നേതൃത്വം തികഞ്ഞ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബൂത്ത് കമ്മറ്റി മുതൽ നിയോജക മണ്ഡലം കമ്മറ്റി വരെ ശക്തമാക്കിയ ശേഷം യൂത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള മാർച്ചുമായി മുന്നോട്ട് നീങ്ങുകയാണ് കോണ്ഗ്രസ് നേതൃത്വം.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കൊട്ടിഘോഷിച്ച അരൂർ മോഡൽ വികസനമെന്ന പൊള്ളത്തരം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ പദ്ധതിയുടെ പേരിൽ നടന്ന തറക്കല്ലിടൽ മാമാങ്കത്തിലൂടെ പൊളിഞ്ഞെന്നും, അരൂരിൽ യാതൊരു വിധ അടിസ്ഥാന വികസനവും ഉണ്ടായിട്ടില്ലെന്നും അരൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ ആരോപിക്കുന്നു. എൻഡിഎ മുന്നണിയും വൻ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പ്് ഗോദയിൽ ഇറങ്ങുന്നത്.
ഇടതു വലത് മുന്നണികൾ മണ്ഡലത്തോട് കാണിച്ച വികസന വിരുദ്ധ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തി വിജയം ഉറപ്പിക്കുമെന്നാണ് ബിജെപി നേതാക്കളുടെ പക്ഷം. കേന്ദ്ര മന്ത്രിമാരെ മണ്ഡലത്തിലെത്തിച്ച് തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തുവാനുള്ള നീക്കവും ബിജെപിക്കുണ്ട്.
എൽഡിഎഫ് രംഗത്തിറങ്ങാൻ സിപിഐ ആഹ്വാനം
അരൂർ: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങാൻ സിപിഐ ജില്ല എക്സിക്യൂട്ടീവ് യോഗത്തിന്റെ അഭ്യർഥന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണത്തിലെ അഴിമതിയ്ക്കും മൂല്യച്യുതിയ്ക്കുമെതിരെ ശക്തമായ വിധിയെഴുത്തായിരുന്നു അരൂർ രേഖപ്പെടുത്തിയതെന്നും അത് ശരിയായിരുന്നുവെന്നാണ് വർത്തമാന കാലസംഭവങ്ങൾ തെളിയിക്കുന്നതെന്നും യോഗം ചൂണ്ടി കാണിച്ചു.
യോഗത്തിൽ എം.കെ.ഉത്തമൻ അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗളായ ടി.പുരുഷോത്തമൻ, പി.പ്രസാദ്, ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ, അസി. സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി. കൃഷ്ണ പ്രസാദ് എന്നിവർ പ്രസംഗിച്ചു.