സാബു ജോണ്
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ. ശങ്കറിനെ വീഴ്ത്തിയ ചരിത്രമുണ്ട് ആറ്റിങ്ങലിന്റെ പൂർവരൂപമായ ചിറയിൻകീഴിന്. ട്രേഡ് യൂണിയൻ നേതാവായ സിപിഎമ്മിലെ കെ. അനിരുദ്ധനായിരുന്നു 1967 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ആ “ജയന്റ് കില്ലർ’.1996 ൽ അനിരുദ്ധന്റെ മകൻ അഡ്വ. എ. സന്പത്ത് ചിറയിൻകീഴിൽ ജനവിധി തേടിയെത്തിയപ്പോൾ മണ്ഡലം ഇരുകൈയും നീട്ടി സ്വീകരിച്ചു.
അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്നു മണ്ഡലം സന്പത്തിനെ ഡൽഹിക്ക് അയച്ചത്. പിന്നീട് മൂന്നു ടേമിൽ വർക്കല രാധാകൃഷ്ണൻ സിപിഎമ്മിനായി മണ്ഡലം കാത്തു. 2009 ൽ സന്പത്ത് വീണ്ടുമെത്തി വിജയം കാത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ചു.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ആറ്റിങ്ങലിൽ ഒരു കോണ്ഗ്രസ് സ്ഥാനാർഥി അവസാനമായ വിജയിച്ചത് 1989 ലാണ്. തുടർച്ചയായ രണ്ടാം തവണ വിജയിച്ച തലേക്കുന്നിൽ ബഷീറിനു ഹാട്രിക് തികയ്ക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം ഒരു കോണ്ഗ്രസ് പ്രതിനിധി ഇവിടെനിന്നു വിജയിച്ചിട്ടുമില്ല. ഇടതുപക്ഷത്തിന്റെ തുടർച്ചയായ ഏഴാം വിജയാണ് കഴിഞ്ഞ തവണ സന്പത്ത് കുറിച്ചത്.
ഇത്തവണയും ആറ്റിങ്ങലിൽ മത്സരിക്കുക സിപിഎം തന്നെയായിരിക്കും. രണ്ടു തവണ മത്സരിച്ചവർ മാറി നിൽക്കുന്നതാണു പതിവെങ്കിലും നിർണായകമായ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഭാഗ്യപരീക്ഷണത്തിനു സിപിഎം തയാറല്ല. സ്ഥാനാർഥിയെ മാറ്റുന്നതിന്റെ റിസ്ക് പാർട്ടി തിരിച്ചറിയുന്നു. സന്പത്തിന്റെ ജനസമ്മതി മുതലെടുക്കാനായി അദ്ദേഹത്തെതന്നെ ഒരിക്കൽക്കൂടി മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു.
മൂന്നു പതിറ്റാണ്ടോളമായി അകന്നു നിൽക്കുന്ന മണ്ഡലം ഏതു വിധേനയും സ്വന്തമാക്കാനാണു യുഡിഎഫിന്റെ ശ്രമം. അടൂർ പ്രകാശ് ഉൾപ്പെടെ ശക്തരായ സ്ഥാനാർഥികളുടെ പേരു പറഞ്ഞു കേൾക്കുന്നുണ്ട്. ബിജെപിയും ഇത്തവണ ഗൗരവത്തോടെയുള്ള പോരാട്ടത്തിനാണ്. അവർക്ക് ആത്മവിശ്വാസം പകരുന്നത് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ കണക്കുകളാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നേടിയത് 90,528 വോട്ടുകളാണ്. എന്നാൽ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലുള്ള നിയമസഭാ മണ്ഡലങ്ങളിൽനിന്നു പാർട്ടിക്ക് 1,75,041 വോട്ട് ലഭിച്ചു. ആറ്റിങ്ങലിൽ ഒന്നു പൊരുതി നോക്കാനുള്ള സാധ്യത പാർട്ടി കാണുന്നു.
കേരളത്തിൽ പാർട്ടി മുന്തിയ പരിഗണന കൊടുക്കുന്ന ലോക്സഭാ മണ്ഡലങ്ങളിൽ ആറ്റിങ്ങലും ഉൾപ്പെടുന്നതിന്റെ കാരണമിതാണ്. ടി.പി. സെൻകുമാറിനെ ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർഥിയാക്കുമെന്നാണു പറഞ്ഞുകേട്ടിരുന്നത്. എന്നാൽ നന്പി നാരായണനെതിരെ നടത്തിയ പരാമർശങ്ങളോടെ സെൻകുമാറിന്റെ സാധ്യതകൾ ഇല്ലാതായി. സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരും ഇവിടെ പറഞ്ഞു കേൾക്കുന്നു.
കയർ വ്യവസായം ഇന്നും നിലനിൽക്കുന്ന ഇവിടെ കയർ തൊഴിലാളികൾ നിർണായകമാണ്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ മണ്ഡലം. 2014 ൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തി ആധികാരികമായിട്ടായിരുന്നു സന്പത്തിന്റെ വിജയം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇടതുപക്ഷം വിജയിച്ചു. 49,843 വോട്ടിന്റെ മുൻതൂക്കവും നേടി.
ഹിന്ദുക്കൾക്കു വ്യക്തമായ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ശബരിമല പ്രശ്നത്തിനു കാര്യമായ സ്വാധീനമുണ്ടാകും. മുന്നണികൾ അതു തിരിച്ചറിയുന്നുണ്ട്. സന്പത്തിനെ വീണ്ടും സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചതു തന്നെ ഈ ഭീഷണി മുൻകൂട്ടി കണ്ടാണ്. ബിജെപി പ്രതീക്ഷ വയ്ക്കുന്നതും ഇതിൽ തന്നെ. എ.എ. റഹീമും തലേക്കുന്നിൽ ബഷീറുമൊക്കെ പ്രതിനിധീകരിച്ച മണ്ഡലത്തിൽ ചുവപ്പിന്റെ ആധിപത്യത്തിനു തടയിടാൻ യുഡിഎഫും കളത്തിലിറങ്ങുന്പോൾ ആറ്റിങ്ങലിൽ ഇത്തവണ ത്രികോണമത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ്.