പത്തനംതിട്ട: ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ സ്ഥാനം മലയാളം അക്ഷരമാല ക്രമത്തില്‍. സ്ഥാനാര്‍ഥികളുടെ പേര്, ചിത്രം, ചിഹ്നം എന്നിവ വ്യക്തമായി ക്രമീകരിച്ചിരിക്കുന്നിനാല്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട സ്ഥാനാർഥിയെ വേഗം കണ്ടെത്താന്‍ വോട്ടര്‍ക്ക് കഴിയും. മലയാളം അക്ഷരമാല ക്രമത്തിലാണ് ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെയാണ് ബാലറ്റിലെ ആദ്യ വിഭാഗത്തില്‍ വരിക. രണ്ടാം വിഭാഗത്തില്‍ രജിസ്റ്റേഡ് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും മൂന്നാം വിഭാഗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും നാലാമതായി നോട്ടയും വരും. മൂന്ന് വിഭാഗങ്ങളിലും മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളെ ക്രമീകരിച്ചിരിക്കുന്നത്. പേരിന്റെ ആദ്യത്തെ അക്ഷരമാണ് സ്ഥാനക്രമം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്നത്.
അവസാന കോളത്തിലാണ് നോട്ട ബട്ടണ്‍ ക്രമീകരിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്വതന്ത്രര്‍ ഉള്‍പ്പടെ എട്ട് സ്ഥാനാര്‍ഥികളാണ് മത്സരിക്കാനുളളത്. ബാലറ്റ് പേപ്പറില്‍ ഓരോ സ്ഥാനാർഥിയുടെയും വിശദാംശങ്ങള്‍: സ്ഥാനാര്‍ഥികള്‍, പാര്‍ട്ടി, ലഭിച്ച ചിഹ്നം എന്നീ ക്രമത്തില്‍: ആന്റോ ആന്റണി- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ, വീണാ ജോര്‍ജ് – സിപിഎം – ചുറ്റിക അരിവാള്‍ നക്ഷത്രം, ഷിബു പാറക്കടവന്- ബിഎസ്പി – ആന, കെ സുരേന്ദ്രന്- ബിജെപി – താമര, ജോസ് ജോര്‍ജ്- അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കോട്ട്, ബിനു ബേബി- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)- ബാറ്ററി ടോര്‍ച്ച്, രതീഷ് ചൂരക്കോട് -സ്വതന്ത്രന്- ഓടക്കുഴല്‍, വീണ. വി – സ്വതന്ത്ര- ഡിഷ് ആന്റിന.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആകെ 1437 പോളിംഗ് ബൂത്തുകളാണുളളത്. ജില്ലയില്‍ 1077 പോളിംഗ് ബൂത്തുകളാണുള്ളത്. 360 ബൂത്തുകള്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളിലാണ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ നിലവിലെ വോട്ടര്‍മാരുടെ എണ്ണം 1382741. ആകെ പുരുഷന്മാരുടെ എണ്ണം 665696ഉം സ്ത്രീകളുടെ എണ്ണം 717042 ഉം ആണ്.