ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാറ്റി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തിൽ സമവായമുണ്ടായാൽ പരിഗണിക്കുമെന്നു ബിജെപി. കോണ്ഗ്രസ് ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് ഇക്കാര്യം അറിയിച്ചത്.
വലിയ സമവായമുണ്ടായതിനു ശേഷമാണ് ബാലറ്റ് പേപ്പറിൽ നിന്നു ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലേക്ക് മാറിയത്. അതു കോണ്ഗ്രസ് ഓർമിക്കുന്നതു നല്ലതാണ്. ഇപ്പോൾ, എല്ലാ പാർട്ടികളും ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നാണ് ആവശ്യപ്പെടുന്നതെങ്കിൽ, ചർച്ചകൾക്കു ശേഷം അത് തങ്ങൾ പരിഗണിക്കുമെന്ന് രാം മാധവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രീയയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി ബാലറ്റ് പേപ്പർ സംവിധാനത്തിലേക്കു മടങ്ങണമെന്ന് കോണ്ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ആവശ്യമുന്നയിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ആം ആദ്മി പാർട്ടി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.