പത്തനംതിട്ട: ജില്ലയിൽ സ്വതന്ത്രവും നീതിപൂർവവും ഭയരഹിതവുമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു. പശ്ചിമബംഗാളിൽനിന്നും ഒരു കന്പനി പോലീസ് എത്തിയിട്ടുണ്ട്. ക്രമസമാധന പാലനത്തിനും ബൂത്തുകൾക്കും സ്ട്രോംഗ് റൂമുകൾക്കും കാവൽ നിൽക്കുന്നതിനും സിആർപിഎഫിനെയും ഉപയോഗിക്കുന്നുണ്ട്.
എല്ലാ ബൂത്തുകളിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള ബൂത്തുകളിലും പ്രശ്ന ബാധിത ബൂത്തുകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. വോട്ടെടുപ്പ് കഴിയും വരെ ജാഗ്രത പാലിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ചുമതലക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുവീതം പെട്രോൾ സംഘങ്ങളുണ്ടാകും.
ജില്ലാ പോലീസ് മേധാവിയുടെ പട്രോളിംഗ് സംഘവും തെരഞ്ഞെടുപ്പ് ജോലികളിലുണ്ടാവും.വേനാട്ടിംഗ് യന്ത്രങ്ങൾ വിതരണകേന്ദ്രത്തിൽനിന്നും ബൂത്തുകളിലേക്കും തിരികെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്നതിനും ആവശ്യമായ പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.