കൊല്ലം :അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൊല്ലം ജില്ലയില്‍ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
നിയമസഭാ മണ്ഡലങ്ങളില്‍ തഹസില്‍ദാര്‍മാര്‍ അധ്യക്ഷരായ സമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പിന്റെയും സാമൂഹ്യ നീതിവകുപ്പിന്റെയും സഹകരണത്തോടെ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ അംഗപരിമിതരുടെ പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ഇതിന്റെ പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. ജില്ലയില്‍ ഭിന്നശേഷിയുള്ള 8800 പേരാണ് ലിസ്റ്റില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടുള്ളത്. പട്ടിക പൂര്‍ത്തിയാക്കിയതിനുശേഷം അര്‍ഹരായ ഭിന്നശേഷിക്കാരെ താമസ സ്ഥലത്തുനിന്നും പോളിംഗ് ബൂത്തിലേക്കും തിരികെയും എത്തിക്കുവാന്‍ വാഹനസൗകര്യം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
പോളിംഗ് ബൂത്തുകളില്‍ വീല്‍ ചെയര്‍, റാമ്പ് സൗകര്യം എന്നിവ ഉറപ്പാക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വോട്ടവകാശം ലഭ്യമാക്കുന്നതിനു മുന്നോടിയായി ജില്ലയില്‍ താലൂക്ക് തലത്തില്‍ ഇവരുടെ പട്ടിക പരിശോധിക്കണം. പട്ടികയില്‍ ഉള്‍പ്പെടാത്ത സ്ഥിരതാമസക്കാരെ കണ്ടെത്തി പേര് ചേര്‍ക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.