കടുത്തുരുത്തി: ഫ്ളെക്സില്ല, ബാനറില്ല, പോസ്റ്ററുകളില്ല… ആകെയുള്ളത് നോട്ടീസ് രൂപത്തില്‍ അച്ചടിച്ച അഭ്യര്‍ത്ഥന മാത്രം. അതും വീടുകളില്‍ നേരിട്ടെത്തി വോട്ടര്‍മാരുടെ കൈകളില്‍ കൊടുക്കും.
ഇതാണ് ബിനോയ് ഇമ്മാനുവേലിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. മാഞ്ഞൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കോതനല്ലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബിനോയി.
ചെലവു ചുരുക്കാനല്ല
ചെലവ് ചുരുക്കാനെന്നുമല്ല ബിനോയി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ മാതൃക സ്വീകരിച്ചത്. പ്രകൃതി സനേഹിയായ ബിനോയി തന്റെ തെരഞ്ഞെടുപ്പ് പ്രചരണരീതിയിലും ഈ മാതൃക സ്വീകരിക്കുകയായിരുന്നു.
കോവിഡ് കാലമായതിനാല്‍ പലപ്പോഴും തനിച്ചാണ് ബിനോയിയുടെ പ്രചരണമെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ചു വിജയിച്ചപ്പോഴും ബിനോയിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഇതേ രീതിയിലായിരുന്നു.
ഫ്ളെക്സും ബാനറും പോസ്റ്ററുമെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രകൃതിക്കു ദോഷമായി അവശേഷിക്കുമെന്നാണ് ബിനോയി പറയുന്നത്.
അന്നത്തെ വിജയി
2010ല്‍ ഇതേ വാര്‍ഡില്‍ നിന്നും ഇടത്, വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ മികച്ച ഭൂരിപക്ഷത്തില്‍ തോല്പിച്ച ബിനോയി, 2015ല്‍ തന്റെ വാര്ഡ്്് വനിതാ സംവരണമായതോടെ സമീപത്തെ 13 വാര്‍ഡില്‍ നിന്നാണ് മത്സരിച്ചു ജയിച്ചത്.
അന്നും സ്വന്ത്രനായി മത്സരിച്ച ഇദേഹം രണ്ട് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ വെട്ടി നിരത്തിയാണ് വീണ്ടും ജനപ്രതിനിധിയായത്.
നേരിട്ടെത്തി അഭ്യർഥന
കോണ്‍ഗ്രസ് പാരമ്പര്യമുള്ള ബിനോയിയെ ഇക്കുറി തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് രംഗത്തിറക്കുകയായിരുന്നു. 510 വീടുകളുള്ള വാര്‍ഡില്‍ 478 ഓളം വീടുകളിലാണ് ആള്‍താമസമുള്ളത്.
ഈ വീടുകളിലെല്ലാം ഇതിനോടകം രണ്ട് തവണം നേരിട്ടെത്തി വോട്ട്്് അഭ്യര്‍ത്ഥിച്ച ബിനോയി മൂന്നാം തവണ വീട് കയറി അഭ്യര്‍ത്ഥന നേരിട്ട്്് കൈമാറുന്നതിന്റെ തിരക്കിലാണ്.
ബിനോയി ഉള്‍പെടെ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് വാര്‍ഡിലുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ടോമി പ്ലാക്കുഴിയും എന്‍ഡിഎയുടെ കെ.കെ. അനില്‍കുമാറും സ്വതന്ത്രരായി മത്സരിക്കുന്ന ജോര്‍ജ് കൊമ്പനായില്‍, ജെയ്സണ്‍ ജേക്കമ്പ് എന്നിവരാണ് വാര്‍ഡില്‍ നിന്നും ജനവിധി തേടുന്ന മറ്റു സ്ഥാനാര്‍ത്ഥികള്‍.