ന്യൂഡൽഹി: കോൺഗ്രസിൽനിന്നു ഭരണം പിടിച്ചെടുത്ത രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ഭരണം നിലനിർത്തിയ മധ്യപ്രദേശിലും മുഖ്യമന്ത്രിമാരെ നിശ്ചയിക്കാൻ ബിജെപി നേതൃത്വം ചർച്ചകൾ തുടങ്ങി. തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസിൽനിന്നു ഭരണം പിടിച്ചെടുത്ത കോൺഗ്രസ് ഇന്നു നിയമസഭാ കക്ഷിയോഗം ചേർന്നു മുഖ്യമന്തിയെ തീരുമാനിക്കും.
മധ്യപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ശിവരാജ്സിംഗ് ചൗഹാൻ തുടരട്ടെ എന്നാണ് ബിജെപിയിൽ നിലവിലെ ധാരണ. പുതുമുഖത്ത കൊണ്ടുവരാൻ ദേശീയ നേതൃത്വം ആലോചിച്ചെങ്കിലും ചൗഹാന്റെ ജനപ്രീതി പരിഗണിച്ചേക്കും.
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും നരേന്ദ്ര സിംഗ് തോമറും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്നവരാണ്.
രാജസ്ഥാനിൽ വസുന്ധരരാജെ സിന്ധ്യ, ബാബ ബാലക്നാഥ്, ഗജേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു.
ഛത്തീസ്ഗഡിൽ രമൺ സിംഗ്, അരുൺ സാഹോ, രേണുക സിംഗ്, ഒ.പി. ചൗധരി എന്നിവരാണ് പരിഗണനയിൽ. റായ്പുരിൽ എത്തിയ കേന്ദ്ര മന്ത്രി മൺസൂഖ് മാണ്ഡ്യവ്യയും ഓം മാത്തൂരും എംഎൽഎമാരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.
തെലങ്കാനയിൽ മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായം ഇന്നു ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ തേടും.
ഇലക്ഷൻ പ്രചാരണം നയിച്ച രേവന്ത് റെഡ്ഡി ആകും മുഖ്യമന്ത്രിയാവുക. രേവന്ത് റെഡ്ഢിയുടേയും ഡി.കെ. ശിവകുമാറിന്റേയും നേതൃത്വത്തിൽ എംഎൽഎമാര് ഇന്നലെ ഗവർണറ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പു നടന്ന സെമിഫൈനലിൽ ബിജെപിക്ക് അത്യുജ്വല വിജയമാണുണ്ടായത്. ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ വൻ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചു.
പ്രവചനങ്ങൾക്കപ്പുറമുള്ള വിജയമാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി നേടിയത്. രാജസ്ഥാനിലെ വിജയം നേരത്തെതന്നെ ഉറപ്പിച്ചതായിരുന്നു. തെലുങ്കാനയിലെ വിജയം കോൺഗ്രസിന് നേരിയ ആശ്വാസം പകർന്നു.