തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നിലും വന്പൻ വിജയം കരസ്ഥമാക്കിയെങ്കിലും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാൻ ബിജെപി പെടാപ്പാട് പെടുന്നു. മറ്റു രണ്ടു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ തീരുമാനിക്കുകയും സത്യപ്രതിജ്ഞയ്ക്കുള്ള തിയതി നിശ്ചയിക്കുകയും ചെയ്തിട്ടും ബിജെപി ക്യാന്പിൽ അനിശ്ചിതത്വം തുടരുകയാണ്.
രാജസ്ഥാനിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് താത്പര്യമില്ലാത്ത വസുന്ധര രാജെ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചതാണ് മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ.
വസുന്ധരെയുടെ നീക്കങ്ങളിൽ ബിജെപി കേന്ദ്രനേതൃത്വം കടുത്ത അതൃപ്തിയിലാണ്. നേതൃത്വത്തെ വെല്ലുവിളിക്കാൻ ആർക്കും അവകാശമില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് വ്യക്തമാക്കി രംഗത്തെത്തിയത് ഇതു സൂചിപ്പിക്കുന്നു.
കയ്ച്ചിട്ട് തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും വയ്യാത്ത സ്ഥിതിയിലാണിപ്പോൾ ബിജെപി. തെരഞ്ഞെടുപ്പിനു മുന്നേതന്നെ വസുന്ധരയെ ഒഴിവാക്കാൻ ബിജെപി ശ്രമിച്ചിരുന്നതാണ്. എന്നാൽ, തെരഞ്ഞടുപ്പിൽ അതു തിരിച്ചടിയാവുമെന്ന് മനസിലാക്കി അവസാന നിമിഷം അവർക്കു സീറ്റ് നൽകുകയായിരുന്നു.
മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനു തന്നെയാണ് സാധ്യത കല്പിക്കുന്നത്. കൈലാഷ് വിജയ് വർഗിയ, നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, ജബൽപുർ എംപി രാകേഷ് സിംഗ് സംസ്ഥാന അധ്യക്ഷൻ വി.ഡി. സിംഗ് എന്നിവരുടെ പേരുകളും മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്.
ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നയാൾ തന്നെ മുഖ്യമന്ത്രിയാവും പക്ഷേ രാജസ്ഥാനിൽ സ്ഥിതി അതല്ല. അവിടെ മുന്പ് രണ്ടുതവണ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യെ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശ വാദമുന്നയിച്ചു കഴിഞ്ഞു.
രാജസ്ഥാനിൽ കോൺഗ്രസ് ഒട്ടേറെ വാഗ്ദാനങ്ങൾ ജനങ്ങൾക്കു മുന്നിൽവച്ചുവെങ്കിലും ബിജെപി നേതൃത്വത്തെപ്പോലും അദ്ഭുതപ്പെടുത്തുന്ന വിജയമാണ് അവിടെ അവർക്കുണ്ടായത്. 199 സീറ്റിൽ 115ലും ബിജെപി വിജയിച്ചു. കേന്ദ്ര നേതൃത്വത്തിന് വസുന്ധരയെ മുഖ്യമന്ത്രിയാക്കുന്നതിനോട് താത്പര്യമില്ല. ഒരു പുതുമുഖത്തെ പരീക്ഷിക്കാണ് അവർക്കു താത്പര്യം.
പക്ഷേ ഇപ്പോൾ തന്നെ അന്പതോളം എംഎൽഎമാർ വസുന്ധരയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതാണ് കേന്ദ്ര നേതൃത്വത്തെ കുഴയ്ക്കുന്നത്. എംഎൽഎമാരിൽ ഭൂരിഭാഗത്തിനും വസുന്ധരയോടാണ് താത്പര്യം.
2003 മുതൽ 2008 വരെയും 2013 മുതൽ 2018 വരെയും രണ്ടു തവണ വസുന്ധര രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. തന്നെയുമല്ല അവർ എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന ബിജെപി സ്ഥാപക നേതാക്കളിലൊരാളായ രാജമാതാ വിജയരാജ സിന്ധ്യയുടെ മകളുമാണ്. അതുകൊണ്ടു തന്നെ വസുന്ധരയെ ഒഴിവാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം പാടുപെടേണ്ടി വരും.
രാജസ്ഥാനിലെ ബിജെപി പ്രസിഡന്റ് സി.പി. ജോഷിയും കേന്ദ്ര പ്രതിനിധി അരുൺസിംഗും ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞത് സംസ്ഥാനത്തെ എംഎൽഎമാരുടെ ഭൂരിപക്ഷ തീരുമാനപ്രകാരമായിരിക്കും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്നതാണ്.
രാജേന്ദ്ര സിങ് റത്തോഡ്, ബാബാ ബാലക് നാഥ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്, ജയ്പൂര് രാജകുടുംബാംഗം ദിയ കുമാരി എന്നിവരും ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.
ഛത്തീസ്ഗഡിൽ ഐഎഎസ് ഉദ്യോഗസ്ഥനും അമിത്ഷായുടെ അടുപ്പക്കാരനുമായ ഒ.പി. ചൗധരിയുടെ പേര് നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. പിന്നോക്ക സമുദായക്കാരനായ ചൗധരി 46,000 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
രമൺ സിംഗ്, സംസ്ഥാന ബിജെപി അധ്യക്ഷൻ അരുൺ സാനോ, കേന്ദ്രകമന്ത്രിയും ആദിവാസി നേതാവുമായ രേണുക സിംഗ്, മുൻകേന്ദ്ര മന്ത്രിയും ആദിവാസി നേതാവുമായ വിഷ്ണു ദേവ് സായ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന മറ്റ് പ്രധാന പേരുകൾ.
എസ്. റൊമേഷ്