നിയാസ് മുസ്തഫ
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിൻഗാമി ആയി ആർഎസ്എസ് പിന്തുണയോടെ ബിജെപി ഉയർത്തിക്കൊണ്ടുവന്ന നേതാവാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമായി മാറിയ യോഗിയുടെ രാഷ്ട്രീയ ഭാവിയിൽ ഹിന്ദി ഹൃദയ ഭൂമിയിലെ തെരഞ്ഞെടുപ്പുഫലം വിള്ളൽ വീഴ്ത്തിയിരിക്കുന്നു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഏറ്റവുമധികം തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത ബിജെപി നേതാവ് കൂടിയാണ് യോഗി. പക്ഷേ യോഗിയുടെ സാന്നിധ്യം ബിജെപിക്ക് രക്ഷയായില്ല എന്നു മാത്രമല്ല, യോഗി അഭിസംബോധന ചെയ്ത റാലികൾ നടന്ന ബഹുഭൂരിപക്ഷം സ്ഥലത്തും ബിജെപി പിന്നിലേക്ക് പോയി. മധ്യപ്രദേശ്, ഛ ത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 63 നിയോജക മണ്ഡലങ്ങളിലായിരുന്നു യോഗി പ്രചാരണ പരിപാടികൾ നടത്തിയത്.
ഛത്തീസ്ഗഡ് ജനതയാണ് യോഗിയുടെ പ്രചാരണങ്ങളെ ഒരു തരത്തിലും മുഖവിലയ്ക്കെടുക്കാതിരുന്നത്. 24 റാലികളിലാണു യോഗി ഇവിടെ പങ്കെടുത്തത്. മധ്യപ്രദേശിൽ 13 ഉം രാജസ്ഥാനിൽ 20-ഉം റാലികളിൽ യോഗി പങ്കെടുത്തിരുന്നു. ഇതിൽ 13 നിയോജക മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് ലീഡ് നിലനിർത്താനായത്. ഈ സാഹചര്യത്തിലാണ് യോഗിയുടെ രാഷ്ട്രീയ ഭാവി ഇരുളടയുന്നത്.
തീവ്രഹിന്ദുത്വ നിലപാടുമായി രംഗത്തുവന്ന നരേന്ദ്രമോദിക്ക് 2014ലെ പൊതുതെരഞ്ഞെടുപ്പിൽ രാജ്യമെങ്ങും തരംഗമുണ്ടാക്കാൻ സാധിച്ചിരുന്നു. പക്ഷേ 2019ലെ പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്പോൾ മോദിയുടെ താരത്തിളക്കത്തിന് മങ്ങലേറ്റിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആർഎസ്എസ് പിന്തുണയോടെ ബിജെപി യോഗി ആദിത്യനാഥിനെ രംഗത്തിറക്കിയത്.
യോഗി പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗങ്ങളിലെ ആൾക്കൂട്ടം കണ്ട് ബിജെപിയും കരുതി, യോഗി തന്നെ ബിജെപിയുടെ ക്രൗഡ് പുള്ളറെന്ന്. പക്ഷേ ഫലം വന്നപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ യോഗിക്ക് ആയില്ലായെന്ന തിരിച്ചറിവ് ബിജെപിക്കും ഉണ്ടായിരിക്കുന്നു.
ഇതാവട്ടെ ഭാവി പ്രധാനമന്ത്രി വരെയാവാൻ സാധ്യത കൽപ്പിക്കപ്പെട്ട യോഗിയുടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുകയാണ്. തെരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം തീപ്പൊരി പ്രസംഗങ്ങളും വിവാദപരാമർശങ്ങളും നടത്തി മുന്നേറിയ യോഗിയെ വോട്ടർമാർ തിരസ്കരിച്ച സ്ഥിതിക്ക് 2019ലെ തെരഞ്ഞെടുപ്പിൽ യോഗി ഒരു അവിഭാജ്യഘടകമാവില്ലായെന്ന് തീർച്ചയാണ്.
ഇതോടൊപ്പം മോദിയുടെ പിൻഗാമിയായി കണ്ട മറ്റൊരു നേതാവാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന ശിവരാജ് സിംഗ് ചൗഹാൻ. ഇത്തവണ മധ്യപ്രദേശിൽ ബിജെപി അധികാരത്തിലെത്തിയാൽ തുടർച്ചയായി നാലുതവണ മുഖ്യമന്ത്രിയാവുന്ന നേതാവെന്ന നിലയിൽ അടുത്ത പ്രധാനമന്ത്രി എന്ന നിലയിലേക്ക് ചൗഹാൻ വളരുമായിരുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സി ന്ധ്യയും ബിജെപിയിലെ വനിതാ മുഖ്യമന്ത്രി എന്ന നിലയിൽ കരുത്തയായിരുന്നു. ഭരണ നഷ്ടം വസുന്ധരയുടെ രാഷ്ട്രീയ കുതിപ്പിനും കടിഞ്ഞാണിട്ടിരിക്കുകയാണ്.