കൊച്ചി: തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിച്ച ബസിന്റെ ചില്ല് അടിച്ചുത്തകര്‍ത്ത സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ നിരീക്ഷണത്തില്‍. മുമ്പ് ബസ് ജീവനക്കാരനായിരുന്ന ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
എറണാകുളം മറൈന്‍ഡ്രൈവിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകളാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസവും സമാനമായ ആക്രമണം ബസിന് നേരെയുണ്ടായിരുന്നുവെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് രണ്ടാമത്തെ ആക്രമണവും.
ചൊവ്വാഴ്ച വൈകിട്ട് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ പാര്‍ക്ക് ചെയ്തിരുന്നപ്പോഴാണ് ആദ്യ സംഭവമുണ്ടായത്. രാത്രി 10 ഓടെ ബസില്‍ അതിക്രമിച്ച് കയറി ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു.
ഈ സംഭവത്തില്‍ മരട് പോലീസ് കേസെടുത്തിരുന്നു. ബസ് അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി മറൈന്‍ഡ്രൈവില്‍ ബുധനാഴ്ച എത്തിച്ചപ്പോഴായിരുന്നു രണ്ടാമത്തെ സംഭവം. പോലീസ് അന്വേഷണം നടത്തി വരുന്നു.