ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും.
ജമ്മു കാഷ്മീരിന് പുറമെ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക . ഉച്ചതിരിഞ്ഞ് മൂന്നിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. അതേ സമയം, വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചേക്കും.
രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത്. നേരത്തെ റായ്ബറേലിയില്‍ നിന്നും അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേലക്കര എംഎല്‍എ ആയിരുന്ന സിപിഎമ്മിന്റെ കെ.രാധാകൃഷ്ണന് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു.
പാലക്കാട് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചേലക്കരയിലും പാലക്കാടും നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ മൂന്നിനും മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26 നും അവസാനിക്കും. ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധിയും ഡിസംബറോടെയും അവസാനിക്കും.
ഇതോടൊപ്പം ജമ്മുകാഷ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പും നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നേരത്തെ, ജമ്മുകാഷ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബറിനകം നടത്താന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.