തിരുവനന്തപുരം: ഒരു മാസത്തിലേറെയായി കൊട്ടിഘോഷിച്ചുനടന്ന ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു വൈകുന്നേരം കൊട്ടിക്കലാശം. ഇന്നു വൈകുന്നേരം ആറു വരെയാണ് പരസ്യപ്രചാരണം. തുടർന്ന് നിശബ്ദ പ്രചാരണത്തിന്റെ ഒന്നര ദിനം.
ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതാണ് വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പെങ്കിലും കേരളത്തിലെ മൂന്നു മുന്നണികളെയും സംബന്ധിച്ചു സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകകൂടിയാകാം ഇത്. ഇതിനാൽ ഏറെ കരുതിയും ആക്രമണസ്വഭാവത്തോടെയുള്ളതുമായ പ്രചാരണത്തിനാണ് അവസാന ദിനത്തിലും സാധ്യത.
രാഷ്ട്രീയത്തിലെ ട്വിസ്റ്റ് തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിലും സംഭവിക്കാമെന്നാണു മുന്നണി നേതാക്കൾ പറയുന്നത്. ഇതിനാൽ കരുതലിനുള്ള പ്രതിരോധവും രാഷ്ട്രീയ ആക്രമണത്തിനുള്ള കത്തിയുടെ മൂർച്ചകൂട്ടലും മൂന്നു ഭാഗത്തും നടക്കുന്നു.
പരമാവധി വോട്ട് പെട്ടിയിലാക്കാൻ എവിടെയും എപ്പോഴും എന്തു വിവാദവും പൊട്ടിപ്പുറപ്പെടാനുള്ള മുന്നൊരുക്കം. മുൻ നാളുകളേക്കാൾ കരുതലിലാണ് അവസാന ദിനങ്ങളിൽ മുന്നണി നേതാക്കൾ.
അവസാന മണിക്കൂറുകളിൽ പരാമവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കാനുള്ള ഓട്ടത്തിലാണു സ്ഥാനാർഥികൾ. ഇന്നു രാവിലെ തുടങ്ങുന്ന ഓട്ടം മണ്ഡലത്തിന്റെ പ്രധാന മുക്കും മൂലയും കയറിയിറങ്ങി വൈകുന്നേരത്തോടെ പ്രധാന പട്ടണത്തിലെത്തും. ഇവിടെയാകും സമാപനം.
ഒരേ പട്ടണത്തിലാണു പല പ്രമുഖ സ്ഥാനാർഥികളുടെയും പ്രചാരണത്തിന്റെ പരിസമാപ്തിയെങ്കിലും, മൂന്നു മുന്നണി സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പു കമ്മീഷനും പോലീസും ലക്ഷ്മണരേഖ വരച്ചിട്ടുണ്ട്. ഈ പരിധിക്കുള്ളിൽ നിന്നാകണം പ്രചാരണം ഉച്ചസ്ഥായിയിലെത്താൻ.
റോഡ് ഷോയും ബൈക്ക് റാലിയുമൊക്കെയായി ഇന്നുച്ചയ്ക്കു ശേഷം പ്രചാരണത്തിന്റെ കൊഴുപ്പു കൂട്ടും. വൈകുന്നേരം ആറിനു ശേഷം കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനരാത്രങ്ങൾ. നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ പോളിംഗ് ബൂത്തിലേക്കു ജനം ഒഴുകുന്പോൾ വോട്ടുറപ്പിക്കാനുള്ള തത്രപ്പാടുകൾ.