തിരുവനന്തപുരം: വിഷുവിനു ശേഷം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കും. ദേശീയ നേതാക്കൾ ഉൾപ്പെടെ കളത്തിലിറങ്ങുന്നതോടെ പ്രചാരണം രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതലായി കേന്ദ്രീകരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിക്കായി പ്രചാരണത്തിനെത്തും. ഈ വർഷം പ്രധാനമന്ത്രി ഇതിനോടകം അഞ്ചു തവണയാണ് കേരളത്തിലെത്തിയത്.
അമിത് ഷായുടെ സന്ദർശന പരിപാടി പല തവണയായി മാറ്റിവയ്ക്കുകയാണ്. കോണ്ഗ്രസിനായി രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പ്രചാരണത്തിനെത്തും.
ഇവരുടെ പ്രചാരണ പരിപാടികളുടെ വിശദാംശങ്ങൾ ഇനിയും തയാറായിട്ടില്ല. ഇടതുമുന്നണിക്കായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവർ എത്തും.
വോട്ടെടുപ്പിനു രണ്ടാഴ്ച മാത്രം അവശേഷിക്കുന്പോഴും തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്കു വ്യക്തമായ മേധാവിത്വം നേടാനായിട്ടില്ല. ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ നായകത്വം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിൽ ഊന്നിനിന്നു കൊണ്ടുള്ള പ്രചാരണമാണ് മുഖ്യമന്ത്രിയും ഇടതുമുന്നണിയും നടത്തുന്നത്. ഇതുവഴി മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാമെന്നും സർക്കാർ വിരുദ്ധതയ്ക്കു വഴിതെളിക്കുന്ന വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാമെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു.
ബിജെപി- സിപിഎം അന്തർധാര എന്ന ആരോപണം ഉന്നയിക്കുന്ന യുഡിഎഫ് കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കുമെതിരായ ആക്രമണം ശക്തമാക്കി ന്യൂനപക്ഷ വോട്ടുകൾ ഒപ്പം നിർത്താനുള്ള ശ്രമമാണു നടത്തുന്നത്.
തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചതിനു ശേഷം പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചത് ഇടതുമുന്നണിക്ക് ക്ഷീണമായി. വടകരയിൽ അവർക്ക് അതു വലിയ തിരിച്ചടിക്കു കാരണമാകാൻ സാധ്യതയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വലിയ അവകാശവാദങ്ങൾ നടത്തുന്പോഴും ബിജെപി തൃശൂർ, തിരുവനന്തപുരം സീറ്റുകളിലാണ് പ്രതീക്ഷ വച്ചു പുലർത്തുന്നത്. വോട്ട് വിഹിതത്തിൽ വലിയ കുതിപ്പു നടത്താൻ അവർക്കു കഴിയുമോ എന്നും കണ്ടറിയേണ്ടതുണ്ട്.