തിരുവല്ല: ജാതിചിന്ത മുമ്പെന്നത്തേക്കാളും വളരെ കൂടിയ കാലഘട്ടമാണിതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കണ്വന്ഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാതിയും മതവുമില്ലെന്ന് പറയുന്നവരും തെരഞ്ഞെടുപ്പില്‍ ജാതിയും മതവും മാത്രം നോക്കിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് സ്ഥാനാര്‍ഥിയുടെ പേരോ ജാതിയോ നോക്കാതെ ആനപ്പെട്ടി, കുതിരപ്പെട്ടി, രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുമൊക്കെ പറഞ്ഞാണ് വോട്ട് ചെയ്തിരുന്നത്.
എന്നാലിപ്പോള്‍ സ്ഥാനാര്‍ഥി ഏത് ജാതിയാണെന്ന് നോക്കി തന്റെ ജാതി ആണെങ്കില്‍ മാത്രമേ വോട്ടുചെയ്യൂ എന്ന നിലപാടാണ് ചിലര്‍ പുലര്‍ത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.യൂണിയന് പ്രസിഡന്റ് ബിജു ഇരവിപേരൂര്‍ അധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി വിശ്വധര്‍മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.
കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദേശം നല്കി. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന് വിശിഷ്ടാതിഥിയായിരുന്നു. ആന്റോ ആന്റണി എംപി, മുന്‍മന്ത്രി ഡോ.ടി.എം. തോമസ് ഐസക്, എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി പി.എസ്. വിജയന്, ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ എസ്.രവീന്ദ്രന്, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന ഗ്രന്ഥശാലാ സംഘം വൈസ് പ്രസിഡന്റ് എ.പി.ജയന്, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാര്‍, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, യൂണിയന് സെക്രട്ടറി അനില്‍ എസ്. ഉഴത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.