കണ്ണൂർ/തളിപ്പറമ്പ്/ഇരിട്ടി: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കേന്ദ്രസേന സജ്ജമായി. കണ്ണൂർ, തളിപ്പറന്പ്, മട്ടന്നൂർ, ഇരിട്ടി, കൂത്തുപറന്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേന എത്തിയത്.
കണ്ണൂർ ചാല ചിന്മയ സ്കൂൾ, തളിപ്പറന്പ് ചിന്മയ വിദ്യാലയം, കുന്നോത്ത് ബെൻഹിൽ സ്കൂൾ, കൂത്തുപറന്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേനയെ പാർപ്പിച്ചിരിക്കുന്നത്. കണ്ണൂർ സിറ്റി, കണ്ണവം, ചൊക്ലി, ഇരിട്ടി എന്നിവിടങ്ങളിൽ കേന്ദ്രസേന റൂട്ട്മാർച്ച് നടത്തി. ഇന്ന് കണ്ണൂർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റൂട്ട്മാർച്ച് നടത്തും.
തളിപ്പറമ്പിലെത്തിയ സായുധ സേനയും തളിപ്പറമ്പ് പോലീസും സംയുക്തമായി നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഒഡീഷയില്‍നിന്നെത്തിയ ഡെല്‍റ്റ 155 കമ്പനിയാണ് ശനിയാഴ്ചയോടെ തളിപ്പറമ്പിലെത്തിയത്. 83 അംഗ സായുധ സേനയാണ് തളിപ്പറമ്പ് ചിന്മയ സ്കൂളില്‍ എത്തിയത്.
ഇതില്‍നിന്നു പകുതി സേനാംഗങ്ങള്‍ പയ്യന്നൂരിലേക്ക് പോകും. ഒരു യൂണിറ്റ് സേനകള്‍ കൂടി തളിപ്പറമ്പിലെത്തുമെന്നാണ് സൂചന. തളിപ്പറമ്പ് ഡിവൈഎസ്പി, തളിപ്പറന്പ് ഇൻസ്പെക്ടർ, ട്രാഫിക് എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ സായുധ സേനാംഗങ്ങളാണ് തളിപ്പറമ്പ് റൂട്ട് മാർച്ച് നടത്തിയത്. തളിപ്പറന്പ് പോലീസ് സ്റ്റേഷനില്‍നിന്ന് ആരംഭിച്ച മാർച്ച് മന്ന ജംഗ്ഷനില്‍ സമാപിച്ചു.
തളിപ്പറമ്പിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിക്കാനും സാധ്യതയുണ്ട്.
ബിഎസ്എഫിന്റെ രണ്ടു ബറ്റാലിയനുകളാണ് ഇരിട്ടിയിൽ എത്തിയിട്ടുള്ളത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കേന്ദ്രസേനയും പോലീസും ഇന്നലെ ഇരിട്ടിയിൽ റൂട്ട് മാർച്ച് നടത്തി.
പ്രശ്നബാധിത മേഖലകൾ, പ്രശ്നബാധിത ബൂത്തുകൾ, മാവോയിസ്റ്റ് ഭീഷണി പ്രദേശം എന്നിവിടങ്ങളിൽ സേന സന്ദർശനം നടത്തും. ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, എസ്ഐമാരായ രാജേഷ് കുമാർ, നാസർ പൊയിലൻ, പി. മോഹനൻ തുടങ്ങിയവർ റൂട്ട്മാർച്ചിന് നേതൃത്വം നൽകി.
ഞായറാഴ്ച മട്ടന്നൂരിലും കേന്ദ്രസേനയും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി മാഹിയിലും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ 91 പേരടങ്ങുന്ന സംഘം എത്തി.