ചാലക്കുടി: നഗരസഭാ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തി സ്വതന്ത്രൻമാർ പ്രവർത്തനം തുടങ്ങി.
നഗരസഭ വൈസ് ചെയർമാൻ വിൽസണ്‍ പാണാട്ടുപറന്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിൻ, മുൻ കൗണ്‍സിലർമാരായ ബിന്ദു മാർട്ടിൻ, കെ.എ. ഡാമി, കൗണ്‍സിലർ വി.ജെ. ജോജി, ജോജോ തുടങ്ങിയവരാണ് മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്നത്.
വിത്സണ് പാണാട്ടുപറന്പിൽ പോട്ടച്ചിറ ഏഴാം വാർഡിലും ജൂബി മാർട്ടിൻ സെന്റ് ജെയിംസ് ആശുപത്രി പത്താം വാർഡിലും ബിന്ദു മാർട്ടിൻ മുനിസിപ്പൽ ക്വാർട്ടേഴ്സ് 21-ാം വാർഡിലും കെ.എ. ഡാമി പോട്ട സ്കൂൾ മൂന്നാം വാർഡിലും ജോജോ സെന്റ് മേരീസ് പള്ളി 19-ാം വാർഡിലും കൗണ്‍സിലർ വി.ജെ. ജോജി പതിനെട്ടാം വാർഡിലും സെന്റ് ജോസഫ് ചർച്ച് വാർഡിൽ ഷിബി പുല്ലോക്കാരനു മാണ് മത്സരരംഗത്തുള്ളത്.
സ്വതന്ത്ര സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള ബോർഡുകൾ പലവാർഡുകളിലും ഉയർന്നുകഴിഞ്ഞു. ചില വാർഡുകളിൽ കിറ്റ് വിതരണവും സാനിറ്റൈസർ മാസ്ക് വിതരണവും സ്വതന്ത്രൻമാരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
ഇപ്പോഴത്തെ കൗണ്‍സിൽ സ്വന്ത്രൻമാരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരിക്കുന്നത്. ഇക്കുറി സ്വതന്ത്രൻമാർ വിജയിച്ചാൽ ഭരണം ഇവരുടെ കൈകളിൽ തന്നെ എത്തുമെന്നാണ് കരുതുന്നത്.
ഇരുമുന്നണിയും ഏകദേശം ഒപ്പത്തിനൊപ്പമാണ് ഇവിടെ വിജയിച്ച് എത്തുന്നത്. ഇതിനാൽ സ്വതന്ത്ര·ാർ നിർണായക ഘടകമായി മാറും. എൽഡിഎഫ്, യുഡിഎഫ്, ബിജെപിയിലും സ്ഥാനാർഥി നിർണയം കീറാമുട്ടിയായി നിൽക്കുന്പോൾ സ്വതന്ത്രൻമാർ പ്രവർത്തനവുമായി ഏറെ മുന്നോട്ട് പോയികഴിഞ്ഞു.
യുഡിഎഫിൽ ഭൂരിഭാഗം സീറ്റുകളിലും കോണ്‍ഗ്രസ് തന്നെയാണ് മത്സരിക്കുന്നത്. എന്നാൽ, എ, ഐ വിഭാഗങ്ങൾക്കുള്ള സീറ്റുകളിൽ ചില തർക്കങ്ങൾ നിലനിൽക്കുകയാണ്.
ഐ വിഭാഗത്തിൽതന്നെ സ്ഥാനാർഥിത്വത്തിനുവേണ്ടി ചിലവാർഡുകളിൽ പിടിവലി നടക്കുകയാണ്. എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ സീറ്റുകൾ സംബന്ധിച്ച് ധാരണയായെങ്കിലും ഘടകകക്ഷികൾ സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുന്നതിനാൽ അന്തിമ തീരുമാനങ്ങളിലേക്ക് എത്തിയിട്ടില്ല.