സ്വന്തം ലേഖകൻ
തൃശൂർ: വിവാദങ്ങളിൽ തട്ടി വികസന ചർച്ചകൾ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് വഴി മാറുന്നതായി ആരോപണം ഉയരുന്നു. കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും ഇപ്പോഴും പാതി വഴിയിൽ നിന്നിട്ടും അതൊന്നും മനപ്പൂർവം ചർച്ച ചെയ്യാതിരിക്കാനാണ് ഇത്തരത്തിൽ വിവാദങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കുന്നതെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയപാത അഥോറിറ്റിയുടെ നിയന്ത്രണത്തിൽ നടക്കുന്ന മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം പാതിവഴിയിൽ മുടങ്ങിയിട്ടും ആരും അതിനെക്കുറിച്ച് ചർച്ച ചെയ്യുകയോ മിണ്ടുകയോ പോലും ചെയ്യുന്നില്ലെന്ന് പ്രദേശവാസികളും പരാതിപ്പെടുന്നു. ചില സ്ഥലങ്ങളിൽ അടിപ്പാത, മേൽപ്പാലം വേണമെന്ന ആവശ്യത്തിൽ തട്ടിയാണ് നിർമാണം നിർത്തിവച്ചത്.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലുള്ള എംപി കാര്യമായി ഒന്നും ചെയ്തില്ലെന്ന പരാതിയും വ്യാപകമാണ്. കരാറുകാരൻ ജോലിക്കാർക്കു ശന്പളം കൊടുക്കാത്തതിനാൽ ജോലിക്കാരും സ്ഥലംവിട്ടു. സംസ്ഥാനത്തെ ആദ്യത്തെ തുരങ്കങ്ങളുടെ നിർമാണവും നിലച്ചിരിക്കയാണ്.
ഒരു തുരങ്കത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായെങ്കിലും നിസാര കാര്യങ്ങൾ പറഞ്ഞ് ഇതുവഴിയുള്ള ഗതാഗതവും തുറന്നു കൊടുത്തിട്ടില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കായി തുരങ്കം തുറന്നുകൊടുത്തിരുന്നു. പ്രളയം വന്നപ്പോൾ കുതിരാനിലെ കുരുക്കഴിക്കാനായി തുരങ്കം തുറന്നു കൊടുത്തിരുന്നു. തുരങ്കത്തിലൂടെ ഗതാഗതം സാധ്യമാണെങ്കിലും അധികാരികളുടെ അനാസ്ഥ മൂലം വാഹനങ്ങൾ കടത്തിവിടാത്ത സാഹചര്യമാണുള്ളത്.
ഇതേസമയം വടക്കഞ്ചേരിയിൽനിന്ന് പാലക്കാട് വരെയുള്ള നാലുവരിപ്പാതയുടെ നിർമാണം പൂർത്തിയായിട്ട് വർഷങ്ങളായി. പി.കെ.ബിജു എംപി നിരന്തരം ഇത്തരം വിഷയങ്ങളിൽ ഇടപെട്ടതാണ് ഈ പാതയുടെ നിർമാണം പൂർത്തിയാകാൻ കാരണമെന്നു പറയുന്നു.
ഡൽഹിയിൽ ചർച്ച നടത്തുകയും ഇവിടെ നിർമാണം ഇഴയുന്പോൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിക്കുകയുമൊക്കെ ചെയ്തതിനാലാണ് വടക്കഞ്ചേരി മുതലുള്ള നാലുവരിപ്പാതയുടെ നിർമാണം പൂർത്തിയായത്. മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണവും ഒരേസമയത്ത് ആരംഭിച്ചതാണെങ്കിലും വേണ്ടത്ര ഇടപെടലുകൾ ഇല്ലാത്തതിനാലാണ് ഇവിടെ നിർമാണം വൈകുന്നതെന്ന ആരോപണമുണ്ട്.
തൃശൂർ നഗരത്തിലെ പ്രധാന വികസന പ്രവർത്തനമായ പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കലിനും കേന്ദ്രത്തിന്റെ ഇടപെടൽ അനിവാര്യമാണ്. എംപിമാരായ പി.കെ.ബിജു, സി.എൻ.ജയദേവൻ എന്നിവരെക്കൊണ്ട് വേണ്ട നടപടികൾ തൃശൂർ കോർപറേഷൻ നടത്തിയെങ്കിലും ഒന്നും പ്രാവർത്തികമായില്ല.
പട്ടാളം റോഡിന്റെ വികസനത്തിന് തടസമായി നിൽക്കുന്ന പോസ്റ്റോഫീസ് പൊളിക്കാൻ പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഒരൊപ്പുമാത്രം മതിയെന്നും ബാക്കിയെല്ലാം ശരിയാക്കിയെന്നും പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല.
വികസന പ്രവർത്തനങ്ങൾ നടക്കാത്തതുമൂലം ജനങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് തെരഞ്ഞെടുപ്പെത്തിയിട്ടും ചർച്ച ചെയ്യാതെ വിവാദങ്ങൾ സൃഷ്ടിച്ച് മനപ്പൂർവം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് എല്ലാ പാർട്ടികളും ചെയ്യുന്നതെന്നാണ് വ്യാപക പരാതി.