റെനീഷ് മാത്യു
കണ്ണൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിനു കെപിസിസി നേതൃത്വം ചില ചട്ടങ്ങൾ തയാറാക്കുന്നു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ എ, ഐ ഗ്രൂപ്പിലെ ചില നേതാക്കളുടെ നേതൃത്വത്തിലാണു ചട്ടങ്ങൾ തയാറാക്കുന്നത്. ഇതിന്റെ അംഗീകാരം സംസ്ഥാന കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്തതിനു ശേഷം തീരുമാനിക്കും.
ദേശീയ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ചട്ടങ്ങൾ തയാറാക്കുന്നത്. തെരഞ്ഞെടുപ്പിൽ യുവത്വത്തിനു കൂടുതൽ പ്രാധാന്യം നൽകാനാണ് നിർദേശം.
എംപിമാരായി മത്സരിച്ചവരെ എംഎൽഎമാരായി മത്സരിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കർശന നിർദേശം. കൂടാതെ അഞ്ചു തവണ മത്സരിച്ച് ജയിച്ചവർ മാറണമെന്നും 75 വയസ് കഴിഞ്ഞവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പറയുന്നു.
സ്ഥിരമായി മത്സരിച്ചു തോൽക്കുന്നവരെ ഇനി മത്സരിപ്പിക്കരുതെന്നും നിർദേശമുണ്ട്. മൂന്ന് തവണ എംപിയോ എംഎൽഎയോ ആയവർ വഴിമാറി കൊടുക്കണമെന്നും നിർദേശമുണ്ട്.
എന്നാൽ, ഗ്രൂപ്പുകൾ കാര്യങ്ങൾ തീരുമാനിക്കുന്ന കോൺഗ്രസിൽ ഇതൊക്കെ നടപ്പാകുമോയെന്നുള്ള കാര്യത്തിൽ സംശയമുണ്ട്. ഈ നിർദേശങ്ങളെ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി എതിർക്കാനാണ് സാധ്യത.
കാരണം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാകുന്നവർ ഏറെയും ഈ ചട്ടങ്ങളുടെ പരിധിക്ക് പുറത്തുള്ളവരാണ്. അതേസമയം, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇതിനെ അംഗീകരിച്ചിട്ടുണ്ട്.