തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ ചെലവിന് പരിധി നിശ്ചയിച്ചിട്ടുള്ളതുപോലെ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കും പരിധി നിശ്ചയിക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍’ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാർട്ടികളുടെ ധനസ്രോതസുകളില്‍ വലിയമാറ്റമാണ് ബിജെപി സര്‍ക്കാര്‍ വരുത്തിയത്. നേരത്തെ വിദേശസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നല്‍കാനാകുമായിരുന്നില്ല. ഇന്ത്യയിലെ കമ്പനികള്‍ക്ക് തുടര്‍ച്ചയായി മൂന്നുകൊല്ലം ഉണ്ടാക്കുന്ന ലാഭത്തിന്റെ 7.5 ശതമാനത്തിലധികം സംഭാവന നല്‍കാനും കഴിയുമായിരുന്നില്ല. ഈ തടസങ്ങള്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി.
സ്വദേശ വിദേശ കമ്പനികള്‍ക്ക് നേരിട്ട് സംഭാവന നല്‍കാം. സംഭാവനകളുടെ ഉറവിടം വെളിപ്പെടുത്തേണ്ട. വിദേശത്തുനിന്ന് വന്‍തോതില്‍ കള്ളപ്പണം പാർട്ടികളുടെ അക്കൗണ്ടുകളിലേക്കൊഴുകും. ജനാഭിപ്രായങ്ങളെ അട്ടിമിറക്കാന്‍ ഈ പണം ഉപയോഗിക്കപ്പെടും.
പുതുതായി സ്വാതന്ത്ര്യം നേടിയ നിരവധി രാജ്യങ്ങളില്‍ കോര്‍പറേറ്റ് ശക്തികള്‍ ഇങ്ങനെ ജനാധിപത്യത്തെ അട്ടിമറിച്ചിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളെയും ജനപ്രതിനിധികളെയും വിലയ്ക്കുവാങ്ങാനുള്ള അവസരം കോര്‍പറേറ്റുകള്‍ക്ക് ഉണ്ടാക്കിക്കൊടുക്കരുതെന്നും എസ്ആർപി പറഞ്ഞു.