ഫ്രാങ്കോ ലൂയിസ്
തൃശൂര്‍: രാഷ്ട്രീയ മാടമ്പിമാര്‍ക്കു കാണിക്ക. തൊട്ടുതാഴെയുള്ള പ്രമാണിമാര്‍ക്കു ദക്ഷിണ. ഇവരാണു പ്രചാരണ മാമാങ്കത്തിന്റെ മാനേജര്‍മാർ. അവര്‍ക്കെല്ലാം ഊരുചുറ്റാന്‍ 20 ദിവസം കാറും ഡ്രൈവറും ശാപ്പാടും. ബൂത്തുതോറും ഇരുപതിനായിരം രൂപ. വാക്കുറപ്പിച്ചില്ലെങ്കില് മദ്യത്തിന് അയ്യായിരം വീതം വേറെയും. ദക്ഷിണയും കാണിക്കയും പതിനായിരം രൂപ മുതല്‍ ലക്ഷം രൂപവരെ.
സ്ഥാനാര്‍ഥിക്കുപ്പായം മാനേജുമെന്റ് ക്വാട്ടയിലുടെയാണെങ്കില് രാഷ്ട്രീയ മുതലാളിക്ക് കാപിറ്റേഷന്‍ ഫീ. വലതു കൈപ്പത്തിയിലെ വിരലുകള്‍ക്കു തുല്യമായത്രയും കോടികളാണു കാപിറ്റേഷന്‍ ഫീ. ആ തുക ആദ്യമേ നോട്ടെണ്ണല്‍ യന്ത്രം എണ്ണി തിട്ടപ്പെടുത്തി പെട്ടിയിലിട്ടശേഷമേ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂ. സിപിഐ, എന്‍സിപി, ഡിഎംകെ തുടങ്ങിയ ഒട്ടുമിക്ക പാര്‍ട്ടികളിലും മാനേജുമെന്റ് ക്വോട്ട സ്ഥാനാര്‍ഥിത്വം വിവാദമായത് മറക്കാനാവില്ല.
കാപിറ്റേഷന്‍ ഫീസിന്റെ ബലത്തില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചെന്നു കരുതി എല്ലാം ശുഭമായെന്നു കരുതരുത്. നൂലിന്മേല് കെട്ടിയിറക്കിയെന്ന ആരോപണവും കൂക്കുവിളിയുമായി സ്ഥാനാര്ഥിമോഹികളും അണികളും എത്തും. അവരെ പാട്ടിലാക്കാന്‍ സാന്ത്വന ഫീസ് വേറെയും മുടക്കണം.
സ്ഥാനാര്‍ഥികളുടെ പോക്കറ്റു കീറുന്ന പുതിയയിനം ചെലവുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണു ബ്രേക്കിംഗ് ന്യൂസ്. കോടിയുടേയും കുടയുടെയുമെല്ലാം രൂപത്തിലാണത്. തമിഴ്നാട്ടിലെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ശൈലിയുടെ പിന്തുടര്ച്ച. കോടിമുണ്ട്, സാരി, കുട തുടങ്ങിയവ കോളനികളില്‍ തരത്തിലും തഞ്ചത്തിലും വിതരണം ചെയ്യുന്നതാണു പുതിയ ട്രെൻഡ്.
പ്രചാരണത്തില്‍ മിന്നിത്തെളിയാന്‍ ഒറ്റവഴിയേയുള്ളൂ: ഇവന്റ് മാനേജ്മെന്റ് സംഘങ്ങള്‍ക്കു ക്വട്ടേഷന്‍. പ്രവര്‍ത്തകരെ പിണക്കാതിരിക്കാന്‍ അവരെ മുന്നില്‍ നിര്‍ത്തി കാര്യങ്ങള്‍ ചെയ്യിക്കാം. അഭ്യര്‍ഥന, പ്രകടനപത്രിക, പോസ്റ്റർ, ബാനർ, ബോര്‍ഡ്, റിക്കാർഡ് ചെയ്ത അനൗണ്‍സ്മെന്റുകള്‍, ഗാനങ്ങള്‍, പ്രചാരണ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം അതതു മേഖലയിലെ വിദഗ്ധരെക്കൊണ്ടാണു തയാറാക്കുക.
അത്യാകര്‍ഷകമായ ഡിസൈനിംഗ്, സ്ഥാനാര്‍ഥിയുടെ ഏറ്റവും മികച്ച ഫോട്ടോ, വായനക്കാരുടെ ഹൃദയത്തിലേക്കു തുളച്ചുകയറുന്ന കാച്ചിക്കുറുക്കിയ വരികള്‍ തുടങ്ങിയവയെല്ലാം ഒരുക്കിയെടുക്കുന്നത് ഇവന്റ്മാനേജ്മെന്റ് വിദഗ്ധരാണ്.സമൂഹമാധ്യമങ്ങളിലൂടെ കിടിലന്‍ പ്രചാരണം വേണം. വാട്സാപ്, ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ മുതല്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്ട്ടലുകള്വരെയുള്ള സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. പതിനായിരങ്ങളിലേക്കു സന്ദേശം എത്തിക്കുന്ന കുറുക്കുവഴികൾ വെട്ടിയൊരുക്കുന്നതു ചെലവേറിയ കാര്യമാണ്.
എല്‍ഇഡി വാള് ഉപയോഗിച്ചുള്ള പ്രചാരണമാണ് ഇവന്റ് മാനേജ്മെന്റ് ടീം കഴിഞ്ഞ തവണ പരീക്ഷിച്ച പുതുമയുള്ള തന്ത്രം. വലിയ വാഹനത്തില്‍ എല്‍ഇഡി വാളിലൂടെ സ്ഥാനാര്‍ഥിയുടെ മികവു വിളംബരം ചെയ്യുന്ന ‘സിനിമാ’ പ്രദര്‍ശനം. ദിവസം ഒമ്പതിനായിരം രൂപയാണു വാടക. ഇത്തരം പത്തു പന്ത്രണ്ട് എല്‍ഇഡി വാളുകള്‍ അഞ്ചു ദിവസം കവലതോറും നിരങ്ങിയാല്‍ നല്ലതുതന്നെ. അമ്പതു ലക്ഷം ആ വഴിക്കു പോകും.
ഈ നിലയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രചാരണത്തിന് എത്ര മുടക്കേണ്ടിവരും? അഞ്ചു മുതല്‍ പത്തുവരെ കോടി രൂപ. കഴിഞ്ഞ തവണ ഒരു ലോക്സഭാ സ്ഥാനാര്‍ഥിയുടെ പ്രചാരണങ്ങള്‍ക്കു സാരഥ്യമേകിയ മാനേജര്‍ വെളിപ്പെടുത്തുന്ന കണക്കാണിത്. സ്ഥാനാര്‍ഥിക്കുപ്പായം മോഹിക്കുന്ന പലര്‍ക്കും ഈ കണക്ക് അറിയില്ല.
പ്രചാരണത്തിനു യഥാര്‍ഥത്തില്‍ അനുവദനീയമായ തുക എത്ര? വലിയ സംസ്ഥാനങ്ങളില്‍ 70 ലക്ഷം രൂപ. ഗോവ പോലുള്ള ചെറിയ സംസ്ഥാനങ്ങളില്‍ 54 ലക്ഷം രൂപയും.ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഒരു ലോക്സഭാ മണ്ഡലം. ഓരോ നിയമസഭാ മണ്ഡലത്തിലും എട്ടു മുതല്‍ പത്തുവരെ പഞ്ചായത്തുകള്‍ ഉണ്ടാകും. മൊത്തം 1,200 മുതല്‍ 1,300 വരെ ബൂത്തുകള്‍.
ഓരോ ബൂത്തു കമ്മിറ്റിയിലേയും പ്രവര്‍ത്തകരെ കര്മോത്സുകരാക്കാന് പണം മുടക്കണം. മൊത്തം ഇരുപതിനായിരം രൂപ. പ്രകടന പത്രിക, അഭ്യര്‍ഥന തുടങ്ങിയവ വീടുകളില്‍ എത്തിക്കുക, പോസ്റ്റര്‍ ഒട്ടിക്കുക, ചുമരെഴുത്ത് നടത്തുക, കൊടി തോരണങ്ങളും ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുക, പോളിംഗ് ബൂത്തിനരികില്‍ പാര്‍ട്ടി ബൂത്ത് ഒരുക്കുക തുടങ്ങിയ പണികള്‍ക്കായാണ് ഈ പണം.
ഈ പണത്തില്‍നിന്ന് മിച്ചം പിടിച്ച് അവസാന നാളുകളില്‍ പ്രവര്‍ത്തകര്‍ക്കു ‘വര്‍ധിത വീര്യം’ പകരും. രണ്ടോ മൂന്നോ ഗഡുക്കളായാണ് ഓരോ ബൂത്തിനും ഇരുപതിനായിരം രൂപ നല്‍കുക. ഇങ്ങനെ ലോക്സഭാ മണ്ഡലത്തിലെ 1,250 ബൂത്തുകളെ ചലനാത്മകമാക്കാന്‍ മാത്രം രണ്ടര കോടി രൂപ വേണം.സ്ഥാനാര്‍ഥി കെട്ടിവയ്ക്കാനുള്ള തുക 25,000 രൂപയാണ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളയാളാണെങ്കില് 12,500 രൂപ മതി.
ലോക്സഭാ, നിയമസഭാ മണ്ഡലം തലങ്ങളിലും പഞ്ചായത്ത്, വാര്‍ഡു തലങ്ങളിലുമെല്ലാം പ്രചാരണ കമ്മിറ്റി ഓഫീസുകള്‍ വാടകയ്ക്കെടുത്ത് പ്രവര്‍ത്തിക്കണം. പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചുകൂടാനുള്ള ഇടമാണത്. അഭ്യര്‍ഥന, പ്രകടന പത്രിക, മൂന്നോ നാലോ തരം പോസ്റ്ററുകള്‍ തുടങ്ങിയവ ഡിസൈന്‍ ചെയ്ത് അച്ചടിക്കണം. ബോര്‍ഡുകൾ, ചുമരെഴുത്ത്, ബാനറുകള്‍, തോരണങ്ങള്‍, കൊടികള്‍, കാറുകള്‍, മൈക്ക് അനൗണ്‍സ്മന്റ് വാഹനങ്ങൾ, റാലികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ ഇനങ്ങളിലെല്ലാം പണം വാരിയെറിയണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നര കോടി രൂപ മുടക്കി പ്രചാരണം നയിച്ച ഒരു നേതാവ് പറഞ്ഞു: ഓരോ നിയമസഭാ മണ്ഡലത്തിനും ഓരോ കോടിരൂപ എന്ന തോതിലെങ്കിലും ചെലവാകും. പൊതുവായ ചെലവുകള്കൂടിയാകുമ്പോള് പത്തു കോടി.
പാര്‍ട്ടിയില്‍നിന്ന് എന്തെങ്കിലും സഹായം?
കഴിഞ്ഞ തവണ എഐസിസി ഓരോ സ്ഥാനാര്‍ഥിക്കും ഓരോ കോടി രൂപ നല്കി. ബിജെപി നല്‍കിയത് അതിന്റെ ഇരട്ടിയാണ്. സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ സാമ്പത്തി ബാധ്യത ഇല്ല. എല്ലാം പാര്‍ട്ടിയുടെ മേല്‍നോട്ടത്തിലാണ്. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാം ചെയ്യും. കീഴ്ഘടകങ്ങളില്‍നിന്ന് പണം പിരിച്ച് മേല്‍ഘടകങ്ങള്‍ക്കു നല്‍കുകയാണ് അവരുടെ രീതി.
പണം എങ്ങനെ ഒപ്പിച്ചെടുക്കും?
പ്രചാരണച്ചെലവിനുള്ള കോടികള്‍ മിടുക്കുള്ള സ്ഥാനാര്‍ഥി സമാഹരിച്ചെടുക്കും. വാണിജ്യ, വ്യവസായ മേഖലകളിലെ വമ്പന്മാരുടെ സഹായം തേടും. അവര്‍ സംഭാവനയായി നല്കുന്ന ലക്ഷങ്ങളാണ് ആശ്രയം. നോട്ടുനിരോധനത്തിനുശേഷം കറന്‍സി ഇടപാടുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കിയത് ക്ഷീണമുണ്ടാക്കും. എങ്കിലും അഭ്യാസിയായ നേതാവ് പണപ്പിരിവില്‍ തോല്‍ക്കില്ല. വോട്ടെടുപ്പില്‍ തോറ്റാലും ലക്ഷങ്ങള്‍ മിച്ചമുണ്ടാക്കുന്ന നേതാക്കളുമുണ്ട്.
വരവു ചെലവു കണക്കുകള്‍ അതതു ദിവസം എഴുതിവയ്ക്കണം. രണ്ടു ദിവസംകൂടുമ്പോള് ബില്ലുകള്‍ സഹിതം തെരഞ്ഞെടുപ്പു കമ്മീഷന് കണക്കു കൊടുക്കാനുള്ളതാണ്. അനുവദനീയമായ പരിധിയുടെ പകുതി തുകയേ ചെലവാക്കിയിട്ടുള്ളൂവെന്ന നിലയിലാണ് 80 ശതമാനം പേരും കണക്ക് ഹാജരാക്കുക. ഇങ്ങനെ കള്ളക്കണക്ക് ഒരുക്കിക്കൊടുക്കാനും വേണം വിദഗ്ധരായ മാനേജര്‍ സംഘം.