കോട്ടയം: കഠിനമായ ചൂട് മൂലം രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു പ്രചാരണ സമയത്തിലും മാറ്റം വരുത്തി. വീടുകൾ കയറിയിറങ്ങി പ്രസ്താവനയും നോട്ടീസും നല്കുന്ന സ്ക്വാഡുകൾ രാവിലെ ഏഴിന് പ്രചാരണം ആരംഭിക്കും. ഒൻപത് മണിയോടെ രാവിലത്തെ പ്രചരണം അവസാനിപ്പിക്കും. പിന്നീട് നാലരയ്ക്കാണ് പ്രചാരണം ആരംഭിക്കുന്നത്.
പുറത്തിറങ്ങി വോട്ട് ചോദിക്കാനും നോട്ടീസ് നല്‍കാനും നിയോഗിക്കപ്പെട്ട സ്ക്വാഡുകൾ രാവിലെ 11നും നാലിനും മധ്യേ ഇറങ്ങരുതെന്ന് എൽഡിഎഫ് നേതാക്കൾ എല്ലാ ബൂത്ത് കമ്മിറ്റികൾക്കും നിർദേശം നല്‍കിയിട്ടുണ്ട്. കോട്ടയം അടക്കം ചില ജില്ലകളിൽ ഈ ദിവസങ്ങളിൽ ചൂട് കൂടുതലാണെന്ന വിവരം പുറത്തു വന്നതോടെ മിക്കയിടത്തും രാവിലത്തെ പ്രചാരണം ഒൻപത് മണിയോടെ അവസാനിപ്പിക്കുകയാണ്.
പിന്നീട് വൈകുന്നേരം നാലു മണിക്കാണ് ആരംഭിക്കുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികളും ഇതേ രീതിയിൽ പകൽ സമയത്തെ പ്രചാരണ പരിപാടി ക്രമീകരിച്ചിട്ടുണ്ട്.
കോട്ടയം: ഇന്നലത്തെ പകൽചൂട് ജില്ലയിൽ 36.5 ഡിഗ്രി. കോണ്‍ക്രീറ്റും ടാറിംഗും കൂടുതലുള്ള നഗരങ്ങളിൽ 37.5 ഗിഗ്രിയിൽ ഇന്നലെ പകൽ കത്തിക്കയറി. പുറത്തിറങ്ങാൻ പറ്റാത്ത വിധം ചൂടുള്ള ഈ പകലുകളെ സ്ഥാനാർഥികൾ എങ്ങനെ നേരിടുന്നവെന്നു തിരക്കിയപ്പോൾ ഉഷ്ണം ഉഷ്ണേന ശാന്തി എന്നതായിരുന്നു തോമസ് ചാഴികാടന്റെയും വിഎൻ വാസവന്റെയും പി.സി തോമസിന്റെയും മറുപടി.
ദിവസം കുറഞ്ഞത് മൂന്നും നാലും ലിറ്റർ വെള്ളം കുടിക്കും. രണ്ടും മൂന്നും നേരം കുളിക്കും. പഴങ്ങൾ കഴിക്കും. തണൽമരങ്ങളില്ലാത്ത പാടശേഖരങ്ങളിലും നഗരങ്ങളിലുമൊക്കെ സ്ഥാനാർഥികളുടെ പകലോട്ടവും വോട്ട് അഭ്യർഥനയും കടുത്ത പീഡാനുഭമാണ്. അസഹനീമായ ഉഷ്ണവും വിയർപ്പും കാരണം മൂന്നു തവണവരെ വസ്ത്രം മാറുകയും വേണം.
യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ തിളപ്പിച്ചാറിച്ച മൂന്നു ലിറ്റർ വെള്ളം കരുതിയാണ് യാത്ര. കുറെ പഴങ്ങളുമുണ്ടാകും. അര മണിക്കൂർ ഇടവിട്ട് വെള്ളം കുടിച്ചുകൊണ്ടിരിക്കും. മൂന്നു നേരം കുളിക്കും. ഓട്ടം തുടങ്ങിയാൽ ഇരിക്കാനോ കിടക്കാനോ ഒരു മിനിറ്റു കിട്ടില്ല. ഓട്ടത്തോട് ഓട്ടം.
ഭക്ഷണകാര്യത്തിലും കടുത്ത ശ്രദ്ധ പുലർത്തുന്നുണ്ട്. വലിയ നോയന്പ് നോറ്റുന്നതുകൊണ്ടു മാത്രമല്ല ഇലക്ഷൻ പ്രചാരണകാലത്ത് വെജിറ്റേറിയൻ ഭക്ഷണമാണ് ഉത്തമം എന്നതാണ് അനുഭവം. ചൂടിനെ പ്രതിരോധിക്കാനും ദഹനം സുതാര്യമാകാനും വെജ് തന്നെ കേമം. മിക്കപ്പോഴും പാർട്ടി പ്രവർത്തരകുടെ വീടുകളിൽ നിന്നാണ് മിതമായ ശാപ്പാട്. വൈകി കിടന്നാലും രാവിലെ കുർബാന മുടക്കാതെയാണ് പ്രചാരണയാത്ര.
ഇടതുസ്ഥാനാർഥി വി.എൻ. വാസവൻ രണ്ടു ലിറ്റർ ചൂടു വെള്ളം ഫ്ളാസ്കിൽ കരുതിയാണ് പ്രചാരണം. തീരുന്പോൾ യാത്രയ്ക്കിടെ കടകളിൽനിന്ന് ഫ്ളാസ്ക് നിറയ്ക്കും. കട്ടൻചായ മുൻപേയുള്ള ശീലമാണ്. മധുരമിടാത്ത കടുംചായ നാലഞ്ചു ഗ്ലാസ് ഓട്ടത്തിനിടെ കുടിക്കും. ഭക്ഷണം പാർട്ടി ഓഫീസിലോ പ്രചാരണ കേന്ദ്രങ്ങളിൽ എവിടെങ്കിലുമോ ക്രമീകരിക്കും. നോണ്‍വെജും കഴിക്കുമെങ്കിലും ഈ ദിവസങ്ങളിൽ വെജിനാണ് മുൻഗണന. മനസിന് ഉണർവുണ്ടെങ്കിൽ ക്ഷീണം തനിയെ മാറുമെന്നതാണ് വാസവന്റെ പക്ഷം.
കൊടുംചൂടിലെ യാത്രയും പ്രസംഗങ്ങളും വോട്ട് അഭ്യർഥനയും മാത്രമല്ല പറ്റുന്നിടത്തോളം ഫോണ്‍ കോളുകളും അറ്റന്‍ഡ് ചെയ്യും. വൈകിക്കിടന്നാലും പുലർച്ചെയുള്ള യോഗ മുടക്കില്ല. മനസു രാഷ്ട്രീയ ചൂടിൽ തിളയ്ക്കുന്നതിനാൽ പുറമെയുള്ള ചൂട് അറിയുന്നതേയില്ലെന്ന് എൻഡിഎ സ്ഥാനാർഥി പി.സി. തോമസ്. രാഷ്ട്രീയ ആവേശം സിരകളിൽ കയറിയാൽ എല്ലാം മറന്നുപ്രവർത്തിക്കുകയെന്നതാണ് രീതി.
ഇങ്ങനെ പറയുന്പോഴും കാറിൽ വെള്ളം കരുതി ഇടയ്ക്കിടെ കുടിക്കുന്നുണ്ട്. രാവിലെ ഏഴിന് തുടങ്ങുന്ന യാത്ര അവസാനിപ്പിക്കുന്പോൾ പാതിരായെത്തും. ഉറക്കം അൽപം കുറഞ്ഞാലും പ്രചാരണത്തിൽ വീഴ്ച വരുത്തരുതെന്നാണ് നിശ്ചയം. യാത്രക്കിടെ കിട്ടുന്നതു കഴിക്കും എന്നതല്ലാതെ നിബന്ധനകളൊന്നുമില്ല. മിക്ക ദിവസങ്ങളിലും പിറവം മുതൽ പാലാ, പുതുപ്പള്ളി വരെ ഓടുന്നുണ്ട്.
പ്രചാരണം ഒന്നാം ഘട്ടമായതിനാൽ സ്ഥാനാർഥികൾ കാറിലാണ് യാത്ര. അടുത്തയാഴ്ച മുതൽ തുറന്ന വാഹനത്തിൽ പര്യടനം തുടങ്ങണം. അതാണ് ഏറെ കഠിനം. പിറവത്തും വൈക്കത്തും ഏറെയും പാടങ്ങളാണ്. അവിടെ ചൂടു കൂടും. കടുത്തുരുത്തി മുതൽ തെക്കോട്ട് റബർ മരങ്ങളുള്ളതിനാൽ അൽപം ആശ്വാസം. കോർണർ യോഗങ്ങളും പ്രസംഗങ്ങളും റോഡരുകിലായാരിക്കും.
വിയർപ്പു തുടയ്ക്കാൻ തോർത്ത് കൈയിൽ കരുതണം. അവസാനഘട്ടത്തിൽ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും എത്തുകയായി. അടുത്തയാഴ്ചയെങ്കിലും വേനൽമഴ പെയ്ത് മണ്ണു കുതിർന്ന് ഉഷ്ണം ശമിക്കണേ എന്ന ആഗ്രഹത്തിലാണ് സ്ഥാനാർഥികൾ.