പത്തനാപുരം : മീനചൂടിനേക്കാള്‍ തീഷ്ണമാകുകയാണ് തെരഞ്ഞെടുപ്പ് പ്രചരണരംഗം. പുറത്ത് ഉള്ളതിനേക്കാളും ഇരട്ടി ചൂടാണ് സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും ഉള്ളിൽ.എൽ ഡി എഫ് സ്ഥാനാർത്ഥിയും അടൂര്‍ എം എൽ എയുമായ ചിറ്റയം ഗോപകുമാറും യു ഡി എഫ് ടിക്കറ്റിൽ സിറ്റിംഗ് എം പിയായ കൊടിക്കുന്നില്‍ സുരേഷും കളത്തിൽ നിറഞ്ഞ് നിൽക്കുകയാണ്.എൻഡിഎ സ്ഥാനാർഥി തഴവസഹദേവനാണ്.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും സജീവമായി കഴിഞ്ഞു.തിളച്ചു മറിയുന്ന വേനൽ ചൂടിനെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എല്ലാവരും കൈകൊള്ളുന്നുണ്ട്.ഉച്ചകഴിഞ്ഞ് മൂന്നുവരെ കാര്യമായുള്ള പ്രചരണമോ,സ്വീകരണമോ ലഭിക്കില്ലെന്ന് ഏവർക്കും അറിയാം.
എന്നാലും തെരഞ്ഞെടുപ്പിന് ഇനി ചുരുക്കം ദിവസങ്ങളെ ഉള്ളൂ.കളം നിറഞ്ഞ് നിന്നിലെങ്കിൽ മറ്റുള്ളവർ കടന്നുകയറ്റം നടത്തും.അതിരാവിലെ തന്നെ സ്ഥാനാര്‍ത്ഥികളുടെ പ്രചരണപരിപാടികള്‍ ആരംഭിക്കും.നേതാക്കളുമായി അൽപനേരം സംഭാഷണം.പ്രചരണം നടത്തുന്ന സ്ഥലങ്ങൾ,അവിടുത്തെ പൊതുവായ പ്രശ്നം എന്നിവയിൽ വ്യക്തത വരുത്തും.ചൂടിന്റെ ആധിക്യം അൽപ്പമൊന്ന് കുറയ്ക്കാനായി കോട്ടൺ വസ്ത്രങ്ങളാണ് അധികവും.
കുടി വെള്ളം വാഹനത്തില്‍ തന്നെ കരുതും.അത് തീരുന്പോൾ കടകളിൽ കയറും. വോട്ട് അഭ്യര്‍ത്ഥന കഴിഞ്ഞ് തിരികെ വണ്ടിയിൽ കയറിയാൽ ആദ്യപടി വെള്ളം കുടിക്കുക തന്നെ.ചൂട് സ്ഥാനാര്‍ത്ഥികളെയും അണികളെയും ശരിക്കും വിയര്‍പ്പിക്കുന്നുണ്ട്.ഇടയ്ക്ക് സ്വീകരണ സ്ഥലങ്ങളില്‍ കാത്തു നില്‍ക്കുന്നവരും വെള്ളം നല്‍കുന്നതും ആശ്വാസമാണ്. തോളിലിട്ടിരിക്കുന്ന ഷാൾ പാര്‍ട്ടി ചിഹ്നം മാത്രമല്ല,ഇടയ്ക്ക് ഇത് കൊണ്ട് മുഖം തുടയ്ക്കാനും കഴിയും.
റോഡ് ഷോ ആണെങ്കില്‍ തുറന്ന വാഹനത്തിന്റെ ഇടതും വലതും രണ്ട് തോർത്തുകളാണ് കെട്ടിയിട്ടിരിക്കുക.കുറച്ച് ആഹാരവും കൂടുതൽ വെള്ളവും അതാണ് ചൂടിനെതിരെയുള്ള പ്രതിരോധം.ഇടയ്ക്ക് ലഘുഭക്ഷണവും.തണ്ണിമത്തൻ ജ്യൂസും കുളിര്‍മ ന ല്കുന്നുണ്ട്.പലപ്പോഴുംവാഹനത്തിന്റെ വശങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഫാനിനോ എയര്‍ കണ്ടീഷനോ ചൂടിന്റെ വീര്യം കെടുത്താനാകുന്നില്ല.
ഇതിനിടയിൽ കരിക്കിൻ വെള്ളം കുടിച്ചും വേനൽ ചൂടിന് പ്രതിരോധിക്കാന്‍ ശ്രമിക്കാറുണ്ട്.ചൂട് ഉള്ളതിനാല്‍ ആരോഗ്യകാര്യവും എറെ ശ്രദ്ധിക്കുന്നുണ്ട് സ്ഥാനാര്‍ഥികൾ. അവസരം കിട്ടിയാല്‍ വാഹനത്തിൽ കയറുന്നതിന് മുൻപെ പ്രഷറും പരിശോധിക്കും.39 ഡിഗ്രി ചൂടാണ് മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.അതിനാല്‍ തന്നെ ശരിക്കും വിയര്‍ത്താല്‍ മാത്രമേ വിജയം ഒപ്പം എത്തൂ.