കോതമംഗലം: ഫ്ളെക്സിന്റെ നിരോധനവും തെരഞ്ഞെടുപ്പും എത്തിയതോടെ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് ചുവരെഴുത്തുകാർ. ചുവരെഴുത്തു ജോലി ഉപേക്ഷിച്ച് പെയിന്റിംഗ് മേഖലയിലേക്കും മറ്റും തിരിഞ്ഞവർക്കു തെരഞ്ഞെടുപ്പ് കാലം നല്ലകാലമാകുമെന്ന പ്രതീക്ഷയിലാണ്.
പൊടിയും ചെളിയും പിടിച്ചു കാടുകയറി കിടന്ന മതിലുകളെല്ലാം ഇതോടെ മിന്നിത്തിളങ്ങും. ഫ്ളക്സ് നിരോധനത്തെ പ്രതീക്ഷയോടെയാണ് ചുവർ-ബാനറെഴുത്ത് കലാകാരന്മാർ കാണുന്നത്. ഇത്തവണ പ്രതാപത്തിലേക്കു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പഴയ ചുമരെഴുത്തുകാർ. കലയ്ക്കൊപ്പം തങ്ങളുടെ കൈത്തൊഴിൽ കൂടിയായ ചുവരെഴുത്തിൽ വീണ്ടും പച്ചപിടിക്കാനുള്ള അവസരമായാണ് ഈ തെരഞ്ഞെടുപ്പുകാലത്തെ ഇവർ കാണുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുവരെഴുത്തിനൊപ്പം തുണി ബാനറും ആവശ്യമായി വരുമെന്നതു തങ്ങൾക്കു നേട്ടമാകുമെന്നാണ് ചിത്രകാരൻമാർ പറയുന്നത്. മുന്പു വേണ്ടെന്നുവച്ച പഴയ ചുവരെഴുത്തു രീതിയിലേക്കു രാഷ്ട്രീയ പാർട്ടികളും തിരിഞ്ഞുകഴിഞ്ഞു. സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ് വരുന്നതിനു മുന്പെ മതിലുകളിലും മറ്റും പല സ്ഥാനാർഥികളുടെയും പേരും ചിഹ്നവും സ്ഥാനം പിടിച്ചു കഴിഞ്ഞു.
സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത മുന്നണികൾ ചുവരുകൾ സ്വന്തം പേരിൽ ബുക്ക് ചെയ്ത് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതോടെ ചുവരെഴുത്തിനും ചൂടുപിടിക്കും. ബാനറിനായി തുണിക്കച്ചവടവും പൊടിപൊടിക്കുമെന്നതും ഉറപ്പാണ്.
ഫ്ളക്സും പ്ലാസ്റ്റിക്കും നിരോധിച്ചുള്ള കോടതി ഉത്തരവിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശംകൂടി വന്നതോടെ ഇക്കുറി തെരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോക്കോളിലാകുമെന്നും ഉറപ്പായിക്കഴിഞ്ഞു. അതേ സമയം ഫ്ളക്സ് നിർമാതാക്കൾക്കും പ്രിന്റ് ജോലി ചെയ്യുന്നവർക്കും ഇതു കനത്ത തിരിച്ചടിയായിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികളെയും ഫ്ളെക്സ് നിരോധനം പ്രതിസന്ധിയിലാക്കി കഴിഞ്ഞു. ഫ്ളെക്സ് നിരോധനവുമായി ബന്ധപ്പെട്ടു സമിശ്ര പ്രതികരണങ്ങളാണ് വിവിധ സംഘടനകൾ നൽകുന്നത്.സ്ഥാനാർഥിത്വം ഉറപ്പിച്ചവരും പ്രതീക്ഷയുള്ളവരും ഇതിനോടകം നാടെങ്ങും ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.
വികസന നേട്ടം ഉയർത്തിക്കാട്ടിക്കാട്ടി ആഴ്ചകൾക്ക് മുന്പേ സിറ്റിംഗ് എപിമാരുടെ പൂർണകായ ഫോട്ടോ പ്രിന്റ് ചെയ്ത കൂറ്റൻ ഹോർഡിംഗുകൾ പ്രധാന വീഥിക്കരികുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ചിലയിടങ്ങലിൽ സ്പോട്ട് ലൈറ്റ് തെളിയിച്ചുള്ള ഹോർഡിംഗുകളും സ്ഥാനം പിടിച്ചിട്ടുണ്ട്.
നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധന ശക്തമാകുന്നതോടെ പ്രവർത്തകർ ബോർഡുകളെല്ലാം നീക്കി പകരം പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുള്ളവ സ്ഥാപിക്കേണ്ടിവരും. ഇതിൽ വലിയ സാന്പത്തിക നഷ്ടമാണ് മുന്നണികളും സ്ഥാനാർഥികളും കാണുന്നത്. വിധിക്കെതിരേ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഫ്ളെക്സ് പ്രിന്റിംഗ് ജോലിക്കാരുടെ സംഘടന.