കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ചെലവഴിക്കുന്ന തുക ബാങ്ക് അക്കൗണ്ടില്‍നിന്ന് പിന്വലിച്ചതായിരിക്കണമെന്ന് എക്സ്പെന്റീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ പി.വി. നാരായണന് അറിയിച്ചു. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിയുടെ പേരിലോ സ്ഥാനാര്‍ഥിയുടെയും ഏജന്റിന്റെ പേരിലോ ആരംഭിച്ച അക്കൗണ്ട് ഉപയോഗിക്കണം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്കായി നടത്തിയ പരിശീലന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 രൂപ വരെയുള്ള പണമിടപാടുകള്‍ നേരിട്ട് നടത്താം. എന്നാല്‍ ഇത്തരത്തില്‍ ചെലവഴിക്കുന്ന പണം ഈ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായിരിക്കണം.
അതിന് മുകളിലുള്ള എല്ലാ ഇടപാടുകളും ചെക്ക്, ബാങ്ക് ട്രാന്സാക്ഷന് തുടങ്ങിയവ മുഖേനെ നടത്തേണ്ടതാണ്. സംഭാവനകള്‍, വായ്പകള്‍ തുടങ്ങിയവയും ഇതില്‍പ്പെടും. ഇത്തരത്തില്‍ പണം സംഭാവനയായോ കടമായോ നല്കുന്ന വ്യക്തികളുടെ പേര്, മേല്‍വിലാസം എന്നിവയും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
ചെലവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതാത് ദിവസങ്ങളില്‍ രേഖപ്പെടുത്തേണ്ടതാണ്. നാമനിര്‍ദേശ പത്രിക നല്‍കിയത് മുതല്‍ ഫലം പ്രഖ്യാപിക്കുന്ന ദിവസം വരെയുള്ള, വിജയം ആഘോഷിക്കുന്നതുള്‍പ്പെടെ എല്ലാ ചെലവുകളും സ്ഥാനാര്‍ഥിയുടെ അക്കൗണ്ടിലാണ് രേഖപ്പെടുത്തുക. സ്ഥാനാര്‍ഥികള്‍ സ്വന്തമായും വ്യക്തികള്‍, പാര്‍ട്ടി മുഖേനെയും ചെലവഴിക്കുന്ന ആകെ തുക 70 ലക്ഷത്തിൽ ഒതുങ്ങണം. വ്യക്തികള്‍ സ്ഥാനാര്‍ഥിക്കായി നടത്തുന്ന സേവനങ്ങളുടെയും പരിപാടികളുടെയും ചെലവും സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ഹാജരാക്കണം. ചെലവിന്റെ സംക്ഷിപ്ത രൂപം, ദിവസേനയുള്ള ചെലവുകള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍, ബില്ലുകള്‍ വൗച്ചറുകള്‍, ഇതിനെ സാധൂകരിക്കുന്ന സത്യവാംഗ് മൂലം എന്നിവ ഇതോടൊപ്പം സമര്‍പ്പിക്കണം.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷ എന്നിവയില്‍ രജിസ്റ്റര്‍ സൂക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മൂന്ന് തവണ എക്സ്പെന്റീച്ചർ ഒബ്സര്‍വര്‍ രജിസ്റ്റര്‍ പരിശോധിക്കും. കൂടാതെ ഫല പ്രഖ്യാപനത്തിന്റെ 26-ാം ദിവസം സ്ഥാനാര്‍ഥികള്‍ തയാറാക്കിയ രജിസ്റ്ററിലെയും ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്ന ഷാഡോ രജിസ്റ്ററിലെയും പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി റീകണ്‍സിലിയേഷന്‍ യോഗവും ചേരും.
തെറ്റായ രേഖകള്‍ ഹാജരാക്കിയതായി തെളിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെവരെ അയോഗ്യരാക്കുകയും സ്ഥാനാര്‍ഥികളെ മൂന്ന് വര്‍ഷം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. ഓഡിറ്റ് ഓഫീസര്‍ ഗിരീശന് പാറപ്പൊയില്‍, അസി. എക്സ്പെന്റീച്ചര്‍ ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.