ന്യൂഡൽഹി: നിശബ്ദ പ്രചാരണം സമൂഹമാധ്യമങ്ങൾക്കും ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വോട്ടെടുപ്പിന് 48 മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവും പരസ്യങ്ങളും അനുവദിക്കില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കമ്മീഷന്റെ നിർദേശം പാലിക്കുമെന്ന് സമൂഹമാധ്യമങ്ങൾ ഉൾപ്പെടുന്ന ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
വോട്ടെടുപ്പ് പെരുമാറ്റച്ചട്ടം ഇന്റർനെറ്റുകളിലും സമൂഹ മാധ്യമങ്ങളിലും ബാധകമാണെന്നു ശനിയാഴ്ച നടന്ന യോഗത്തിലാണ് കമ്മീഷൻ അറിയിച്ചത്. രാഷ്ട്രീയ പരസ്യങ്ങൾ കടന്നുകൂടിയാൽ പരമാവധി മൂന്നു മണിക്കൂറിനുള്ളിൽ പിൻവലിക്കണം. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ അതനുസരിച്ചാവും ഇനിയുള്ള പ്രവർത്തനങ്ങളെന്ന് അസോസിയേഷൻ പ്രതിനിധികൾ ഉറപ്പു നൽകി.
നോഡൽ ഓഫീസറുടെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് സംബന്ധിച്ചവ പ്രസിദ്ധപ്പെടുത്തില്ലെന്നു യൂട്യൂബിന്റെയും ഗൂഗിളിന്റെയും പ്രതിനിധികൾ അറിയിച്ചു. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷയിലുമായി പ്രത്യേകം ഉദ്യോഗസ്ഥരെയും ടീമിനെയും ഇതിനായി നിയോഗിക്കുമെന്നും യൂട്യൂബ് അധികൃതർ പറഞ്ഞു.
1951ലെ ജനകീയ പ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ സമൂഹ മാധ്യമങ്ങളും പാലിക്കണമെന്ന നിർദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്. നിശബ്ദ പ്രചാരണത്തിൽ ഇ-ലോകവും നിശബ്ദത പാലിക്കണമെന്ന് ഇതാദ്യമായാണ് നിർദേശം നൽകിയത്. സ്വയം നിയന്ത്രിക്കാനുള്ള സമൂഹ മാധ്യമങ്ങളുടെ നീക്കം നല്ല തുടക്കമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു.