യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചരണപ്രവർത്തനങ്ങളിൽ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയും ഗവർണർമാരുടെയും ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ചിലയിടങ്ങളിൽ പ്രചരണ ബോർഡുകളിൽ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾക്കൊപ്പം രാഷ്ട്രപതിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് അന്വേണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ രാഷ്ട്രപതി ഭവൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്തിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. രാഷ്ട്രപതി ഭരണഘടനയുടെ കാവലാളാണെന്നും അദ്ദേഹം ഒരു രാഷ്ട്രീയപാർട്ടിയോടും അനുഭാവം പുലർത്താൻ പാടില്ല എന്നുള്ളതിനാലുമാണ് ഇതെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. ഉപരാഷ്ട്രപതിയും സംസ്ഥാന ഗവർണർമാരുമെല്ലാം പദവിയിലിരിക്കുന്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുഭാവികളല്ലെന്നും അതിനാൽ അവരുടെയും ചിത്രങ്ങൾ പ്രചരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.