ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനൊരുക്കമായിട്ടുള്ള സ്ഥാനാർഥിപട്ടിക കെപിസിസി തയാറാക്കുന്നു. ഒരു മണ്ഡലത്തിൽ നിന്നും മൂന്നുപേരുടെ പേരുകളാണ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഇതു പൂർണമായും ജയസാധ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. ഈ ലിസ്റ്റ് 20നുള്ളിൽ ഹൈക്കമാൻഡിനു സമർപ്പിക്കാനാണ് തീരുമാനം.
മുല്ലപ്പള്ളി രാമചന്ദ്രന്റെ യാത്രയ്ക്കിടയിൽ തന്നെ ഇതു സംബന്ധിച്ചും തീരുമാനമുണ്ടാകും. ഓരോ മണ്ഡലത്തിലൂടെയും സർവ്വേ വഴിയും അണികളുടെ വികാരവും കണക്കിലെടുത്തു ലിസ്റ്റ് തയാറാക്കാൻ ഒരുക്കമെല്ലാം പൂർത്തിയായി. സിറ്റിംഗ് എംപിമാരുടെ സിറ്റിലും മൂന്നു പേരുടെ പേരുകൾ തയാറാക്കുന്നുണ്ട്. പഴയമുഖങ്ങൾ നിലനിർത്തി യുവാക്കളെ തൃപ്തിപ്പെടുത്തിയുള്ള ലിസ്റ്റാണ് ഒരുക്കുന്നത്.
ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം മാറ്റി വച്ചു കൊണ്ടുള്ള ലിസ്റ്റാണ് തയാറാക്കുന്നത്. ജയസാധ്യതയാണ് പരിഗണിക്കുന്നതെങ്കിലും പഴയമുഖങ്ങൾക്കുമാറ്റം ഉണ്ടാകാൻ സാധ്യതയില്ല. ജയസാധ്യതയുള്ളവരെ മാത്രം മത്സരിപ്പിച്ചാൽ മതിയെന്ന രാഹുൽഗാന്ധിയുടെ നിർദേശം നടപ്പിലാക്കുന്നതിലൂടെ ഗ്രൂപ്പീനതീതമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കവും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്.
യുവാക്കൾക്കും വനിതകൾക്കും കൂടുതൽ സീറ്റുകൾ നൽകുമെന്നറിയിക്കുന്പോഴും സ്ത്രീകൾക്ക് ഒരു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാണ്. വയനാട് സീറ്റിനു വേണ്ടി പലരും ഇടിച്ചുനിൽക്കുന്നുണ്ടെങ്കിലും ഷാനിമോൾ ഉസ്മാനു സാധ്യത കല്പിക്കുന്നവരുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ചു വടകര, കണ്ണൂർ, ഇടുക്കി, ആലത്തൂർ, പാലക്കാട്, ചാലക്കുടി മണ്ഡലങ്ങൾ നിർണായകമാണ്. സ്ഥാനാർഥികളുടെ ലിസ്റ്റ് തയാറാക്കുന്പോൾ കൂടുതൽ ശ്രദ്ധിക്കാനാണ് രാഹുലിന്റെ നിർദേശം.
കൂടുതൽ സീറ്റുകളിൽ യുവാക്കൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അഞ്ചു സീറ്റുകളാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി, ചാലക്കുടി, വടകര, പാലക്കാട്, ആലത്തൂർ സീറ്റുകൾ ലഭിച്ചാൽ ഇവർ തൃപ്തിയാകും. പക്ഷേ, ഈ സീറ്റുകളിലേക്കു മറ്റു അവകാശികളും കടന്നു വരുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ പേര് തന്നെ ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിലേക്കു പരിഗണിക്കുന്നുണ്ട്.
അതു പോലെതന്നെ മാത്യു കുഴൽനാടന്റെ പേരുകൾ ഇടുക്കി, ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലേക്കു പരിഗണിക്കുന്നു. എറണാകുളം പോലുള്ള കോണ്‍ഗ്രസിനു ഉറപ്പുള്ള സീറ്റിൽ പ്രഫ. കെ.വി. തോമസിന്റെ പേരാണ് കേൾക്കുന്നത്. പ്രഫ. കെ. വി. തോമസിനെ പരിഗണിച്ചില്ലെങ്കിൽമാത്രം സീറ്റിനുവേണ്ടി ഹൈബി ഈഡൻ എംഎൽഎ, മുൻ മേയർ ടോണി ചെമ്മിണി, മേയർ സൗമിനി ജയൻ തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേൾക്കുന്നു.
സിറ്റിംഗ് എംപിമാരിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകര സീറ്റാണ് കോണ്‍ഗ്രസിനു ഒരു കീറാമുട്ടി. അദ്ദേഹം മത്സരരംഗത്തില്ലെങ്കിൽ സീറ്റ് നഷ്ടപ്പെടുമെന്ന പ്രചാരണം പോലും ഉയരുന്നുണ്ട്. ആർഎംപിക്കു നൽകി കെ.കെ. രമയെ മത്സരിപ്പിക്കണമെന്ന വാദവും ഉയരുന്നുണ്ട്. കെ.കെ. രമയ്ക്കു യുഡിഎഫുമായി ചേർന്നു പോകുന്നതിനു തടസങ്ങളൊന്നുമില്ല. ആർഎംപിക്കു നല്ല സ്വാധീനമുള്ള സീറ്റാണ് വടകര.
എന്നാൽ കഴിഞ്ഞ പ്രാവശ്യം യുഡിഎഫിലുണ്ടായിരുന്ന വീരേന്ദ്രകുമാർ എൽഡിഎഫിലേക്കു പോയതും യുഡിഎഫിനു ക്ഷീണമാണ്. അതു കൊണ്ടു തന്നെ മുല്ലപ്പള്ളിയില്ലെങ്കിൽ രമ കടന്നു വരാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ പ്രാവശ്യം വീരേന്ദ്രകുമാർ മത്സരിച്ച പാലക്കാട് സീറ്റിൽ കോണ്‍ഗ്രസ് സ്ഥാനാർഥി മത്സരിക്കും. ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ സജീവമാണ്.