തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങളും യുവാക്കളും കൂടുതൽ ഇടം പിടിച്ചതോടെ ഇതേ മാതൃക പിന്തുടരാൻ കോൺഗ്രസിലും നീക്കം. സ്ഥാനാർഥിപ്പട്ടികയിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നു രാഹുൽഗാന്ധിയുടെ നിർദേശം കൂടി പുറത്തുവന്നതോടെ പലകുറി മത്സരിച്ചവരെ ഒഴിവാക്കണമെന്ന് കോൺഗ്രസിലും അഭിപ്രായം.
കോൺഗ്രസ് ലിസ്റ്റിൽ ഇക്കുറി പകുതിപ്പേർ പുതുമുഖങ്ങളും യുവാക്കളും വനിതകളുമായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം. മുതിർന്ന മന്ത്രിമാരായ ജി.സുധാകരൻ, ടി.എം തോമസ് ഐസക് തുടങ്ങിയവരെ ഒഴിവാക്കി സിപിഎം പരിഗണിക്കുന്നവരുടെ ലിസ്റ്റ് പുറത്തുവന്നതോടെ കടുത്ത സമ്മർദത്തിലാണ് കോൺഗ്രസും യുഡിഎഫും .
ഇപ്പോൾ തന്നെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന വേണമെന്ന ആവശ്യവുമായി യുവജന സംഘടനകളും മഹിളാ കോൺഗ്രസും രംഗത്തുണ്ട്.സ്ഥാനാർഥികളുടെ കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാട് കോൺഗ്രസും സ്വീകരിച്ചാൽ പലരുടെയും സാധ്യതയ്ക്ക് മങ്ങലേൽക്കും.
വിജയസാധ്യതയാണ് മാനദണ്ഡം എന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉറച്ചു നിൽക്കുന്നതിനാൽ കോൺഗ്രസിന് സ്ഥാനാർഥിപ്പട്ടികയിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് ആണ് യുവജന സംഘടനകൾ.
കോൺഗ്രസിൽ കൂടുതൽ പുതുമുഖങ്ങൾ വരാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടാണ് സിപിഎം സ്ഥാനാർഥി പരിഗണനാ പട്ടികയിൽ മുതിർന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ മാറ്റിനിർത്താനുള്ള സാഹചര്യം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ കൂടുതൽ പുതുമുഖങ്ങളും വനിതകളും യുവജനങ്ങളും കടന്നുവന്നാൽ കോൺഗ്രസിന് മേൽക്കൈ ഉണ്ടാകുമെന്ന സാധ്യത മുന്നിൽകണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ പരീക്ഷണം സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ തീരുമാനിച്ചത്.