ന്യൂഡൽഹി: ഡൽഹിയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു തോൽവിക്കുശേഷം പ്രധാന സംസ്ഥാനങ്ങളിൽ അഴിച്ചുപണി നടത്തി കോൺഗ്രസ് ദേശീയ നേതൃത്വം. ഇന്നലെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുനഃസംഘടന നടത്തിയത്.
മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പഞ്ചാബിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും സയിദ് നസീർ ഹുസൈൻ എംപിയെ ജമ്മു കാഷ്മീർ, ലഡാക്ക് എന്നിവയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചു.
ഹരിയാനയുടെ ചുമതല മുൻ ജനറൽ സെക്രട്ടറി ബി.കെ. ഹരിപ്രസാദിനും ഹിമാചൽ പ്രദേശിന്റെയും ചണ്ഡീഗഡിന്റെയും ചുമതല രജനി പാട്ടീലിനും മധ്യപ്രദേശിന്റെ ചുമതല ഹരീഷ് ചൗധരിക്കും നൽകി. അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിന്റെ ചുമതല കൃഷ്ണ അല്ലവരുവിനാണു നൽകിയത്.
ഒഡീഷ, ജാർഖണ്ഡ്, തെലങ്കാന, തമിഴ്നാട്, പുതുച്ചേരി, മണിപുർ, ത്രിപുര, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ നേതൃനിരയിലും മാറ്റമുണ്ടായി. മറ്റ് ജനറൽ സെക്രട്ടറിമാർ അവരുടെ നിയുക്ത പദവികളിൽ തുടരുമെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിന് തുടർച്ചയായി നേരിട്ട മോശം ഫലങ്ങൾക്കുശേഷമാണു പുനഃസംഘടന നടന്നത്.