കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇടത് തരംഗത്തില്‍ കുലുങ്ങാതെ നിന്ന എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന് നാണക്കേടായി രണ്ട് മണ്ഡലങ്ങള്‍. ഒന്ന് സിറ്റിംഗ് സീറ്റിലെ തോല്‍വിയാണെങ്കില്‍ മറ്റൊന്ന് ഭൂരിപക്ഷ വ്യത്യാസത്തില്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ്.
കൊച്ചി മണ്ഡലം നിലവിലെ എല്‍ഡിഎഫ് എംഎല്‍എ കെ.ജെ. മാക്സിയില്നിന്നും തിരിച്ച് പിടിക്കാനായി മുന്‍ മേയര്‍ ടോണി ചമ്മണിയെ കളത്തിലിറക്കിയ നീക്കത്തിനാണ് കോണ്‍ഗ്രസിന് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. 14079 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ഇവിടെ തോറ്റത്.
വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍പ്പോലും കോണ്‍ഗ്രസ് മുന്നിലെത്താത്ത മണ്ഡലവും തോവിയോടെ ഇതായി മാറി. 157 ബൂത്തുള്ള മണ്ഡലത്തില്‍ 15 റൗണ്ടുകളായാണ് വോട്ടെണ്ണിയത്. ഓരോ റൗണ്ട് എണ്ണുമ്പോഴും ലീഡ് ക്രമമായി ഉയര്‍ത്തിക്കൊണ്ടിരുന്നു.
ആകെ പോള്‍ ചെയ്ത 1,27,002 വോട്ടുകളില്‍ 54,632 വോട്ട് കെ.ജെ. മാക്സി നേടി. 40,553 വോട്ടാണ് ടോണി ചമ്മണിക്ക് ലഭിച്ചത്. കെ.ജെ. മാക്സിയുടെ ഭൂരിപക്ഷത്തിനടുത്തെത്താന്പോലും ബിജെപി സ്ഥാനാര്‍ഥിക്കായില്ല. ബിജെപിയുടെ സി.ജി. രാജഗോപാല്‍ 10,991 വോട്ടാണ് നേടിയത്. ട്വന്റി-20 സ്ഥാനാര്‍ഥി ഷൈനി ആന്റണി 19,676 വോട്ടും വി ഫോര്‍ കൊച്ചിയുടെ നിപുണ്‍ ചെറിയാന് 2149 വോട്ടും നേടി.
കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ ഡൊമിനിക് പ്രസന്റേഷനെ തോല്‍പ്പിച്ചാണ് കെ.ജെ. മാക്സി കൊച്ചി പിടിച്ചെടുത്തത്. ഇതോടെ ആദ്യമായും ഇപ്പോള്‍ രണ്ടാമതായും കൊച്ചി പിടിച്ച എല്ഡിഎഫുകാരനായി മാക്സി മാറി. അഞ്ചുവര്‍ഷംമുമ്പ് നടന്ന മത്സരം കടുത്തതായിരുന്നു. അന്ന് 1086 വോട്ടിനാണ് മാക്സി ജയിച്ചത്.
സിറ്റംഗ് സീറ്റായ കുന്നത്തുനാട്ടില്‍ തോറ്റതാണ് ജില്ലയിലെ കോണ്‍ഗ്രസിന്റെ മറ്റൊരു പ്രധാന തോല്‍വി. ഇവിടെ ട്വന്റി-20 സീറ്റ് നേടുമെന്ന അഭ്യൂഹം നിലനിന്നിരുന്നെങ്കിലും എല്‍ഡിഎഫ് വിജയം സ്വന്തമാക്കിയത് യുഡിഎഫിനും ഒരുപോലെ കോണ്‍ഗ്രസിനും തിരിച്ചടിയായി.
മണ്ഡലത്തില്‍ ട്വന്റി-20 നേിയ വോട്ടുകള്‍ ഭൂരിഭാഗവും ഇതോടെ യുഡിഎഫിന്റേതാണെന്ന് തെളിഞ്ഞു. എല്‍ഡിഎഫ് ഇവിടെ 52,351 വോട്ടുകല്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 49,636 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. ട്വന്റി-20 42,701 വോട്ടുകളും നേടി.