കോട്ടയം: പ്രചാരണച്ചൂടിൽ കോവിഡ് വീടുകയറാതിരിക്കാൻ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ജില്ലയിൽ മൂന്നു സ്ഥാനാർഥികൾ കൂടി കോവിഡ് ബാധിതരായതോടെ ആശങ്ക വർധിച്ചു.
പാലാ മുനിസിപ്പാലിറ്റിയിലാണ് ആശങ്ക കൂടുതൽ. പത്ത് സ്ഥാനാർഥികൾ ജില്ലയിൽ ക്വാറന്റൈനിലായത് രോഗവ്യാപന ഭീതി വർധിപ്പിക്കുന്നു.
പ്രായമായവരുടെയും കുട്ടികളുടെയും സുരക്ഷയെക്കരുതി വീട്ടുമുറ്റത്ത് നിന്ന് വോട്ട് അഭ്യർഥിക്കുകയും പരമാവധി കുറച്ചു സമയം ചെലവഴിക്കുകയും വേണം.
ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകിയിരിക്കുന്നത്.പ്രചാരണവേളയിൽ സ്ഥാനാർഥിക്കൊപ്പം പ്രവർത്തകരുടെ എണ്ണം കുറയ്ക്കുക, അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈകൾ സാനിറ്റൈസ് ചെയ്യുക എന്നിവയിൽ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
വീറും വാശിയും ആവേശവും വർധിച്ചുവരുന്ന വരുംദിവസങ്ങളിൽ സ്ഥാനാർഥികളും പ്രവർത്തകരും കർക്കശമായ ജാഗ്രത പുലർത്തുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ കോവിഡ് ലീഡ് ചെയ്തേക്കാം. മഞ്ഞിന്റെയും മഴയുടെയും സാന്നിധ്യം കോവിഡ് വ്യാപനത്തിന് വേഗം കൂട്ടിയേക്കാം.