സ്വന്തം ലേഖകൻ
തൃശൂർ: കൗണ്ടിംഗ് പൂരത്തിന് ഇനി ആറുനാൾ മാത്രം അവശേഷിക്കെ എങ്ങിനെ വോട്ടെണ്ണണമെന്ന് കൗണ്ടിംഗ് ഉദ്യോഗസ്ഥരെ പഠിപ്പിച്ചു തുടങ്ങി. തൃശൂർ ലോക്സഭ മണ്ഡലത്തിൽ വോട്ടെണ്ണലിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തൃശൂർ സിവിൽ സ്റ്റേഷനിലെ പ്ലാനിംഗ് ഓഫീസ് കോണ്ഫറൻസ് ഹാളിൽ ആരംഭിച്ചു.
ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന നാല് ഘട്ടങ്ങളിലായുള്ള പരിശീലനമാണ് നൽകുന്നത്. 350ൽ അധികം ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്നു ഘട്ടങ്ങളിൽ രണ്ടു നിയോജകമണ്ഡലത്തിലുള്ളവർക്കും അവസാനഘട്ടത്തിൽ ഒരു നിയോജകമണ്ഡലത്തിലുള്ള വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുമാണ് പരിശീലനം നൽകുക.
വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലയുള്ള മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവർക്കാണ് പരിശീലനം നൽകുന്നത്.ആകെയുള്ള ഉദ്യോഗസ്ഥരിൽ മൂന്നിലൊന്ന് മൈക്രോ ഒബ്സർവർമാരാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിൽ വോട്ടെണ്ണൽ നടത്തേണ്ട വിധം, എന്തെല്ലാം ചെയ്യാം, എന്തെല്ലാം ചെയ്യാൻ പാടില്ല, പൊതുവായ വിവരങ്ങൾ എന്നിവയെല്ലാം പരിശീലനത്തിലുണ്ട്.
ഡമ്മി മെഷിനുകൾ ഉപയോഗിച്ച് പ്രാക്ടിക്കൽ ട്രെയിനിംഗും പവർപോയന്റ് പ്രസന്േറഷൻ ഉപയോഗിച്ചുള്ള ക്ലാസുകളും ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്. പുരുഷൻമാരാണ് കൂടുതൽ. സ്ത്രീകളുടെ എണ്ണം കുറവാണ്.ആദ്യമായി വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ടവരും മുൻകാലങ്ങളിൽ വോട്ടെണ്ണലിൽ പങ്കെടുത്തവരും കൂട്ടത്തിലുണ്ട്.
വോട്ടെടുപ്പ് സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലരും വോട്ടെണ്ണലിന് കൂടി നിയോഗിക്കപ്പെട്ടിട്ടുണ്ട്.സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയിനർമാരായ തഹസീൽദാർ കെ.കൃഷ്ണകുമാർ, അഹമ്മദ് നിസാർ, ജില്ലതല മാസ്റ്റർ ട്രെയിനർ അശോക് കുമാർ എന്നിവരാണ് വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്.