കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ കോവിഡ് മാനദണ്ഡം പാലിക്കാത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം.
കൊടിയുടെ നിറമോ ചിഹ്നമോ നേതാക്കളെയോ നോക്കാതെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസിന് അതത് ജില്ലാ പോലീസ് മേധാവികളും ജില്ലാവരണാധികാരിയായ കളക്ടറും നിര്‍ദേശം നല്‍കിയത്. ഇതോടെ സ്ഥാനാര്‍ഥികള്‍ക്കു പിന്നാലെ പോലീസും നിരീക്ഷണം ആരംഭിച്ചു.
പോലീസ് നടപടി ശക്തമാക്കിയതോടെ കോവിഡ് മാനദണ്ഡം ലംഘിക്കുന്നുണ്ടോയെന്ന് രാഷ്ട്രീയ പാര്‍ട്ടികളും പരസ്പരം നിരീക്ഷിക്കുന്നുണ്ട്. മാനദണ്ഡം പാലിക്കാതെയുള്ള പ്രചാരണത്തിന്റെ ദൃശ്യങ്ങളും എതിരാളികള്‍ പകര്‍ത്തി പോലീസിന് കൈമാറുന്നുണ്ട്.
പ്രചാരണത്തിനാണ് സംസ്ഥാന നേതാക്കളും മറ്റും കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചത്.
സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല ഷോള് എന്നിവ നല്‍കിക്കൊണ്ടുള്ള സ്വീകരണപരിപാടികള്‍ നടത്താന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ പലയിടത്തും ഇത് ലംഘിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.
സ്ഥാനാര്‍ഥികള്‍ മറ്റുള്ളവ രോട് സംസാരിക്കുമ്പോള്‍ നിര്‍ബന്ധമായും രണ്ടടി അകലം പാലിച്ചിരിക്കണം. സ്ഥാനാര്‍ഥിയും സ്ഥാനാര്‍ഥിയോട് സംസാരിക്കുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്താന്‍ പാടില്ല. ഇടുങ്ങിയ മുറികളില്‍ യോഗം ചേരാന്‍ പാടില്ല. കുട്ടികളോടും പ്രായമായവരോടും ഗര്‍ഭിണികളോടും അടുത്തിടപഴകുന്നത് ഒഴിവാക്കണം.
സ്ഥാനാര്‍ഥികള്‍ മറ്റ് വീടുകളുടെ അകത്ത് പ്രവേശിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.
വോട്ടര്‍മാര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം സ്ഥാനാര്‍ഥികളുടെയും മറ്റും പ്രചാരണ പരിപാടികളില്‍ ഉള്‍പ്പെടുത്തണമെന്നും പോലീസ് നിര്‍ദേശിച്ചു.
ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് കോവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്യുന്നപക്ഷം ഉടന്‍തന്നെ പ്രചാരണരംഗത്ത് നിന്ന് മാറിനില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം.
പരിശോധനാ ഫലം നെഗറ്റീവ് ആയ ശേഷം ആരോഗ്യ വകുപ്പിന്റെ അനുമതിയോടുകൂടി മാത്രമേ തുടര്‍ പ്രവര്‍ത്തനം പാടുള്ളൂവെന്നും പോലീസ് അറിയിച്ചു.
മാനദണ്ഡം ലംഘിച്ചാല്‍ പോലീസ് സ്റ്റേഷനിലെത്തി പണമടച്ച് തടിയൂരാനും കഴിയില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയത് കേസെടുത്ത് കുറ്റപത്രം സഹിതം കോടതിയില്‍ സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം.
സ്റ്റേഷനിലെത്തി പിഴ സംഖ്യ പറഞ്ഞാല്‍ വാക്ക് തര്‍ക്കത്തിന് കാരണമാവുമെന്നതിനാലാണ് കോടതിയില്‍ നേരിട്ട് നല്‍കുന്നത്. 3,000 രൂപ വരെ പിഴ ഈടാക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്.