എം.പ്രേംകുമാർ
തിരുവനന്തപുരം : പതിവിനു വിപരീതമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ രാഷ്ട്രീയ കരുതലോടെയാണു സിപിഎം സ്ഥാനാർഥി നിർണയം നടത്തിയിരിക്കുന്നത്. സാധാരണയായി സ്ഥാനാർഥികളെ നിശ്ചയിക്കാൻ പാർട്ടി പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ നിർദേശം സിപിഎം നേതൃത്വം തേടുന്നത് അപൂർവമാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയതിന്റെ പേരിൽ കൊടിയ വിമർശനമാണു പാർട്ടി സംസ്ഥാന നേതൃത്വത്തിനു കേൾക്കേണ്ടി വന്നത്. എന്നാൽ ഇത്തവണ പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ കൂടി അഭിപ്രായം ആരാഞ്ഞ് തികച്ചും ഉൾപ്പാർട്ടി ജനാധിപത്യത്തിലൂടെയാണു സ്ഥാനാർഥി നിർണയം നടത്തിയിരിക്കുന്നത്.
അതുകൊണ്ടു തന്നെ ആരോഗ്യകാരണത്താൽ പി.കരുണാകരനെ മാത്രം ഒഴിവാക്കി ശേഷിക്കുന്ന ആറ് സിറ്റിംഗ് എംപിമാരേയും മൂന്ന് എംഎൽഎമാരേയും ഉൾപ്പെടുത്തി പൂർണമായും വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നതു മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാൾ വേവലാതിയുണ്ടാക്കുന്നതു സിപിഎമ്മിനെയാണ്. അതിന്റെ പ്രധാന കാരണം പാർട്ടി നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാർ കേരളം ഭരിക്കുന്നു എന്നുള്ളതാണ്.
ശബരിമലയിലെ കോടതി വിധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ തിടുക്കം കാട്ടിയെന്ന ആക്ഷേപം പൊതുസമൂഹത്തിലും പാർട്ടിക്കുള്ളിലും ഉണ്ട്. പ്രതിപക്ഷവും പ്രത്യേകിച്ചു ബിജെപിയും ശബരിമല വിഷയം പ്രധാന രാഷ്ട്രീയ ആയുധമാക്കി കൊണ്ടുവരികയും ചെയ്തു. പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുതന്നെ സർക്കാർ സംവിധാനങ്ങളും പാർട്ടി മിഷണറിയും ഉപയോഗപ്പെടുത്തി ആരോപണങ്ങളെ പ്രതിരോധിക്കാൻ വലിയൊരളവുവരെ സാധിക്കുകയും ചെയ്തു.
വനിതാ മതിൽ പോലുള്ള കൂട്ടായ്മകൾ ഈ പ്രതിരോധത്തിന്റെ ഭാഗമായി ഉടലെടുത്തതാണ്. എന്നാൽ വിശ്വാസം ഏതിനു മുകളിലും അതിരില്ലാതെ പറക്കുമെന്നതു സിപിഎമ്മിനു നല്ലതുപോലെ അറിയാം. ആസന്നമായ തെരഞ്ഞെടുപ്പ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടമാണ്.
കേരളത്തിൽ നിന്നും കഴിയുന്നത്ര എംപിമാരെ ലോക്സഭയിലേയ്ക്കു അയയ്ക്കുക എന്നതാണു പ്രധാന ദൗത്യം. ഇതിനു കഴിയും വിധത്തിൽ പാർട്ടി സംഘടനാ സംവിധാനത്തെ ഉപയോഗപ്പെടുത്തുകയും ജനകീയരായ നേതാക്കളെ പരമാവധി മത്സരിപ്പിക്കുക എന്നതുമാണു സിപിഎമ്മിനു മുന്നിലുള്ള പ്രധാന പോം വഴി. ഇതിനുതകുന്ന തരത്തിലുള്ള സ്ഥാനാർഥി നിർണയമാണു സിപിഎം ഇപ്പോൾ നടത്തിയിട്ടുള്ളത്.
കളങ്കിതരേയും വിവാദങ്ങളിൽപ്പെട്ടവരേയും ഒഴിവാക്കി സ്ഥാനാർത്ഥി പട്ടിക നൽകണമെന്നാണു പാർട്ടി പാർലമെന്റ് മണ്ഡലം കമ്മിറ്റികളോടും വിശേഷാൽ ജില്ലാ കമ്മിറ്റികളോടും സിപിഎം സംസ്ഥാന നേതൃത്വം നിർദേശം നൽകിയത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ നേരിട്ടു പങ്കെടുത്തുകൊണ്ടാണു ഇതിനായി ജില്ലാ കമ്മിറ്റികളും മേഖലാ യോഗങ്ങളും ചേർന്നത്.
വടകര മണ്ഡലത്തിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ജനവിധി തേടുന്നൂ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലെ സവിശേഷതകളിൽ ഒന്ന്. കണ്ണൂരിലെ ചില കൊലപാതക കേസുകളിൽ പി.ജയരാജൻ പ്രതിസ്ഥാനത്താണ്. തെരഞ്ഞെടുപ്പിൽ കൊലപാതക രാഷ്ട്രീയം മറ്റു പാർട്ടികൾ പ്രധാന പ്രചരണായുധമാക്കുമെന്നതു കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജനെ മത്സരിപ്പിക്കാൻ സിപിഎം തയാറാകാത്തത്.
കണ്ണൂരിൽ തന്നെ സുരക്ഷിത മണ്ഡലം നൽകി സിപിഎമ്മിനു ജയരാജനെ നിയമസഭയിൽ എത്തിക്കാമായിരുന്നു. എന്നാൽ അദ്ദേഹം മത്സരിച്ചാൽ കൊലപാതകം മറയാക്കി ശത്രുക്കൾ പാർട്ടിയേയും മുന്നണിയേയും പ്രതിരോധത്തിലാക്കുമെന്ന ഭയം കൊണ്ടാണ് അന്ന് സീറ്റ് നൽകാത്തത്. ഇപ്പോൾ ഷിക്കൂർ വധക്കേസിൽ സിബിഐ നൽകിയ കുറ്റപത്രത്തിൽ ജയരാജൻ പ്രതിയാണ്.
ഇങ്ങനെയൊരു സാഹചര്യത്തിൽ പി.ജയരാജനെ പാർട്ടി കോട്ടയായ വടകരയിൽ സ്ഥാനാർഥിയാക്കിയത് അക്ഷരാർത്ഥത്തിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. മണ്ഡലം സിപിഎമ്മിന്റെ ശക്തിദുർഗമാണെങ്കിലും ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം രാഷ്ട്രീയ മണ്ഡലത്തിൽ മാറ്റം വന്നിട്ടുണ്ട്.
ആർഎംപിയുടെ ജനനം തന്നെയായിരുന്നു ഇതിൽ പ്രധാനം. ഇപ്പോൾ ആർഎംപി രൂപീകരിക്കുന്പോൾ ഉണ്ടായിരുന്ന സംഘടനാ ശക്തി അവർക്കവിടെയില്ലെന്നതു സത്യമാണ്. നിലവിലെ അവിടത്തെ എംപി മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായതിനാൽ മത്സരിക്കാൻ സാധ്യതയും കുറവാണ്.
ഇങ്ങനെയൊരു സാഹചര്യത്തിൽ പാർട്ടിയിൽ ശക്തനായ പി.ജയരാജൻ മത്സരിച്ചാൽ ജയിക്കുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. എന്നാൽ അദ്ദേഹം മത്സരിച്ചാൽ ഉണ്ടാകുന്ന ആശങ്ക സിപിഎം നേതൃത്വത്തിലെ ചിലർക്കുണ്ടെന്നുള്ളതും വസ്തതുതയാണ്.
സ്ഥാനാർത്ഥി നിർണയത്തിലെ അപാകത കൊണ്ട് കഴിഞ്ഞ തവണ ലഭിച്ച സീറ്റിനേക്കാൾ കുറവുണ്ടാകരുതെന്നു കണ്ടുകൊണ്ടാണു എ.പ്രദീപ് കുമാർ, എ.എം.ആരിഫ്, വീണ ജോർജ് എന്നീ എംഎൽഎമാരെ ലോക്സഭയിലേയ്ക്കു മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്.
ഇതാകട്ടെ പൂർണമായും പാർട്ടി പാർലമെന്റ് മണ്ഡലം കമ്മിറ്റികളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ്. ഇതിനു വിപരീതമായി സിപിഎം നേതൃത്വം നിലപാടെടുത്തത് ചാലക്കുടിയിൽ ഇന്നസെന്റിന്റെ കാര്യത്തിൽ മാത്രമാണ്. ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനു തന്നെയായിരിക്കുമെന്നു ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ കോടിയേരി വ്യക്തമാക്കുകയും ചെയ്തു.
സ്ഥാനാർഥികളെ തീരുമാനിച്ചതിലൂടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്പോൾ തന്നെ പ്രചരണം തുടങ്ങാൻ സിപിഎമ്മിനു സാധിക്കുന്നൂവെന്നതും ശുഭ സൂചനയായാണു പാർട്ടി നേതൃത്വവും പ്രവർത്തകരും കാണുന്നത്.