തിരുവനന്തപുരം: തദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള പ്രവർത്തനങ്ങൾക്കു തയാറെടുക്കാൻ പാർട്ടി ഘടകങ്ങളോടു നിർദേശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിലവിലെ രാഷ്ട്രീയ സാഹചര്യം ദോഷകരമല്ലെന്ന വിലയിരുത്തലാണു സിപിഎം സെക്രട്ടേറിയറ്റിലുണ്ടായത്.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാനും ഇതുവഴി മുസ്ലിം സമുദായത്തെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനുമുള്ള ശ്രമങ്ങൾ സർക്കാർ മുൻകൈയെടുത്തു തന്നെ നടത്തണമെന്നും സിപിഎം സെക്രട്ടറിയേറ്റ് നിർദേശം നൽകി.
സർക്കാരിന്റെ ജനകീയ പദ്ധതികൾ വകുപ്പു തലത്തിൽ വിലയിരുത്തി പൂർത്തീകരിക്കാനുള്ളത് എത്രയും വേഗം തീർക്കണം. ഇതിനു മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കണം.
ഭവന പദ്ധതിയായ ലൈഫ് മിഷനുമായി ബന്ധപ്പെട്ടു വീടിന്റെ താക്കോൽദാന ചടങ്ങുകൾ ജനകീയമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് സർക്കാരിനു നിർദേശം നൽകി.