കോഴിക്കോട്: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ രാജ്യ ത്ത് വീണ്ടും ചുരുങ്ങി സിപിഎം. നേരിയ സ്വാധീനമുണ്ടായിരുന്ന രാജസ്ഥാനിലും തെലങ്കാനയിലും ഇത്തവണ ഒരു ചലനവുമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. രാജസ്ഥാനില്‍ രണ്ട് സിറ്റിംഗ് സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമാകുകയും ചെയ്തു.
തനിച്ച് മത്സരിച്ച തെലങ്കാനയില്‍ 19 സീറ്റുകളിലും കൂടി ലഭിച്ചതാകട്ടെ വെറും അര ലക്ഷം വോട്ടുകള്‍ മാത്രമാണ്. അപ്പോഴും കോണ്‍ഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടതെന്ന “കാരണം’ കണ്ടെത്തുകയാണ് പാര്‍ട്ടി പത്രം. കഴിഞ്ഞ തവണ രാജസ്ഥാനില്‍ രണ്ട് സീറ്റുകളിലാണ് സിപിഎം വിജയിച്ചത്.
കര്‍ഷക സമരങ്ങളുടെ കരുത്തില്‍ 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വമ്പന്‍ തിരിച്ച് വരവ് നടത്തിയ സംസ്ഥാനമാണ് രാജസ്ഥാന് . 17 സീറ്റുകളിലാണ് സിപിഎം ഇത്തവണ തനിച്ച് മത്സരിച്ചത്. രണ്ട് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ നാലു സീറ്റുകളില്‍ ഉറച്ച വിജയ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാല്‍ ബിജെപിക്കു മുന്നില്‍ സിറ്റിംഗ് സീറ്റുകള്‍ അടിയറവ് വയ്ക്കേണ്ടി വന്ന അവസ്ഥയാണുണ്ടായത്.
കഴിഞ്ഞ തവണ വിജയിച്ച ബാദ്ര മണ്ഡലത്തില്‍ ഇക്കുറി രണ്ടാംസ്ഥാനത്തായി, മറ്റൊരു സിറ്റിംഗ് സീറ്റായ ദുംഗാഗഡില് ബിജെപി – സിപിഎം – കോണ്‍ഗ്രസ് ത്രികോണ മത്സരമാണ് നടന്നത്. വിജയിച്ചതാകട്ടെ ബിജെപിയും.
2018 ല്‍ 37,574 വോട്ടുകള്‍ കോണ്‍ഗ്രസിന് ബാദ്രയില്‍ ഉണ്ടായിരുന്നു. സിപിഎം പരാജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുവെന്നാണ് സിപിഎം ഇപ്പോള്‍ ആരോപണം ഉയര്‍ത്തുന്നത്. തെലങ്കാനയിലെ ഭാഗ്യപരീക്ഷണവും സിപിഎമ്മിന് അപ്പാടെ പാളി.19 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചത് 0.22 ശതമാനം വോട്ടുകള്‍ മാത്രം.
സംസ്ഥാന സെക്രട്ടറി തമിനീനി വീരഭദ്രം മത്സരിച്ച പലേര്‍ മണ്ഡലത്തില്‍ ലഭിച്ചത് വെറും 5,300 വോട്ടുകളാണ്. കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി മത്സരിച്ച സിപിഐ മാത്രമാണ് ഇവിടെ നേട്ടമുണ്ടാക്കിയത്. കൊത്താഗുഡം സീറ്റിലായിരുന്നു സിപിഐയുടെ ജയം.
2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് എട്ട് സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് ജനപ്രതിനിധികള്‍ ഉണ്ടായിരുന്നു. രാജസ്ഥാനിലും തോറ്റതോടെ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലേക്ക് സിപിഎം എംഎല്‍എമാരുടെ സാന്നിധ്യം ചുരുങ്ങി. ഇതില്‍ ഭരണം കൈയാളുന്നത് കേരളത്തില്‍ മാത്രവും.