മാന്നാർ: ലോകസഭാ തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സിപിഎമ്മിൽ തുടങ്ങി. ചെങ്ങന്നൂർ മോഡൽ തെരെഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സിപിഎം ശ്രമം. ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പിൽ ഒരോ ലോക്കൽ കമ്മിറ്റികൾക്കും മറ്റ് ജില്ലകളിൽ നിന്നുള്ളവർക്ക് പ്രത്യേക ചുമതല നൽകിയാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
അത്തരത്തിൽ തന്നെ സംസ്ഥാനത്തെ എല്ലാ ലോക്കൽ കമ്മിറ്റികളിലും മറ്റിടങ്ങളിൽ നിന്നുള്ള ചുമതലക്കാരെ നിയമിച്ച് പ്രവർത്തനങ്ങൾ നടത്തുവാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. അതനുസരിച്ച് പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കൾ ഒരോ ലോക്കൽ കമ്മിറ്റികളിലുമെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു. സിപിഎം പ്രവർത്തകർ എന്ന രീതിയിലല്ല ഇവർ ഒരോത്തരെയും സമീപിക്കുന്നത്.
സോഷ്യൽ ഡവലപ്മെന്റ് ഓർഗനൈസർ (എസ്ഡിഒ) എന്ന തരത്തിലാണ് ഇവർ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നത്. ഈ പേരിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ധരിച്ചാണ് ഇവർ രംഗത്തിറങ്ങുന്നത്. ആദ്യഘട്ടത്തിൽ കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ പ്രവർത്തകർ, പട്ടികജാതി, ന്യൂനപക്ഷ പ്രൊമോട്ടർമാർ എന്നിവയുടെ പ്രവർത്തകരെ നേരിൽ കണ്ട് പൊതുവിഷയങ്ങളും അവരുടെ പ്രശ്നങ്ങളും അറിയും. അതിനിടയിൽ ഈ സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ.
സിപിഎമ്മിന്റെ പ്രസക്തി എന്നിവയും ചർച്ചിക്കിടും. ആളുകൾ കൂടുന്ന മരണം, കല്യാണം പോലുള്ള സ്ഥലങ്ങളിലും എസ്ഡിഒ വോളന്റിയർമാർ എത്തും. വരുന്ന ലോകസഭ തെരെഞ്ഞുടുപ്പുവരെ ഇത്തരത്തിലുള്ളവർ ഒരു ലോക്കൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കും. അതാത് ലോക്കൽ കമ്മിറ്റിയാണ് ഈ വോളന്റിയർമാക്കുള്ള ഭക്ഷണം, താമസ സൗകര്യം എന്നിവ ഒരുക്കേണ്ടത്.
മുഴുവൻ സമയ പ്രവർത്തകരായ ഇവർക്ക് 7500 രൂപയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്ന ശബളം. സംസ്ഥാനത്ത് ഇത്തരത്തിൽ 3000-ഓളം വോളന്റിയർമാർക്കാണ് പരിശീലനം നൽകി ലോക്കൽ കമ്മിറ്റികളിലേക്ക് നിയമിച്ചിരിക്കുന്നത്.
പ്രത്യക്ഷത്തിൽ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലാണ് ഇവരുടെ പ്രവർത്തനം. ഇവരുടെ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ വിലയിരുത്തി സംസ്ഥാന കമ്മിറ്റിക്ക് നേരിട്ടാണ് ഒരോ പ്രദേശത്തെയും റിപ്പോർട്ട് ഒരോ വോളന്റിയർമാരും സമർപ്പിക്കേണ്ടത്. ആദ്യഘട്ട പ്രവർത്തന റിപ്പോർട്ട് ഡിസംബറിൽ നൽകണമെന്നാണ് നിർദേശം. താഴെ തട്ടിലുള്ള പ്രവർത്തനങ്ങളിലൂടെ പാർട്ടിയുടെ ശക്തിയും ജനങ്ങളുടെ ഇടയിൽ എൽഡിഎഫ് സർക്കാരിനെ കുറിച്ചുള്ള അഭിപ്രയങ്ങളും ക്രോഡീകരിച്ചാണ് ഇവർ റിപ്പോർട്ട് നൽകേണ്ടത്.