ഏപ്രിൽ, മേയ് മാസങ്ങളിൽ തന്നെയാകും ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പ്. അടുത്ത മാസം ആദ്യം തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കാനുള്ള ഒരുക്കം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പൂർത്തിയാക്കി വരികയാണ്. യുദ്ധം പോലെ അസാധാരണ സംഭവങ്ങൾ ഉണ്ടായാൽ മാത്രമേ തെരഞ്ഞെടുപ്പു നീട്ടാനിടയുള്ളൂ.
ഏഴോ, എട്ടോ ഘട്ടങ്ങളിലായി ഇപ്രാവശ്യം തെരഞ്ഞെടുപ്പു നടത്താനാണു ചർച്ചകൾ നടക്കുന്നത്. ഏപ്രിൽ ആദ്യം മുതൽ മേയ് ആദ്യം വരെ ഒരു മാസത്തോളമെങ്കിലും നീളാനും സാധ്യതയുണ്ട്. പ്രഖ്യാപന തീയതി മുതൽ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വരും. അതിനാൽ കേന്ദ്രസർക്കാരിന്റെ കൂടി താത്പര്യം നോക്കിയാകും തീയതി പ്രഖ്യാപിക്കുക.
പതിനാറാം ലോക്സഭയുടെ കാലാവധി മേയ് 31ന് അവസാനിക്കും. അതിനു മുന്‍പായി പതിനേഴാം ലോക്സഭ രൂപീകരിക്കും. പുതിയ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ മേയ് അവസാന വാരത്തിലോ, അതിനു തൊട്ടു മുന്‍പോ ആയി നടക്കുമെന്നു പ്രതീക്ഷിക്കാം. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു ലോക്സഭയോടൊപ്പം നടക്കും.
മാറുന്ന യുപിയുടെ മനസ്
ഏറ്റവും കൂടുതൽ എംപിമാരുള്ള യുപിയിൽ 80ൽ 73 സീറ്റുകളിലും വിജയിച്ച ബിജെപിയും എൻഡിഎയും ഇക്കുറി നാൽപതു സീറ്റു പോലും നേടിയേക്കില്ലെന്നു സർവേക്കാർ പ്രവചിക്കുന്നു. മായാവതിയും അഖിലേഷ് യാദവും ചേർന്നു രൂപീകരിച്ച എസ്പി- ബിഎസ്പി സഖ്യം എത്ര വരെ സീറ്റ് നേടുമെന്നതു ബിജെപിക്കു നിർണായകമാണ്. അതിലേറെ രാഹുൽ ഗാന്ധിക്കു പുറമേ പ്രിയങ്ക ഗാന്ധി വദ്ര കൂടി സജീവമായി യുപിയിൽ ഇറങ്ങിയതോടെ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്.
ർട്ടി സംഘടന പോലും ഇല്ലാതിരുന്നിട്ടും 2009ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 21 സീറ്റുകളിൽ ജയിക്കാനായതു ബിജെപി, എസ്പി, ബിഎസ്പി പാർട്ടികളുടെ ഉറക്കം കെടുത്തും. രാഹുലിനും പ്രിയങ്കയ്ക്കും തുടക്കത്തിൽ കിട്ടുന്ന വലിയ ജനപിന്തുണ രാജ്യത്താകെ കോണ്‍ഗ്രസിനു പുതിയ ആവേശമാകുന്നുണ്ട്. ഡൽഹിയിലെ കസേരയിലേക്കുള്ള വഴി യുപിയാകുമെന്ന കീഴ്വഴക്കവും പുതിയ കസേരകളികൾക്കുള്ള പ്രചോദനമാകും.