കാക്കനാട്: തെരഞ്ഞെടുപ്പു ജോലി ഒഴിവായി കിട്ടുന്നതിനുള്ള അപേക്ഷകരുടെ തിരക്ക് ആദ്യദിവസം തന്നെ ശക്തമായി. ഇന്നലെ 150 ഓളം പേരാണ് അപേക്ഷയുമായി തെരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയത്. ആരുടെയും അപേക്ഷകൾ ഉദ്യോഗസ്ഥർ നേരിട്ടു കൈപ്പറ്റുന്നില്ല. അപേക്ഷകൾ നിക്ഷേപിക്കാൻ പ്രത്യേകം പെട്ടി വച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിഭാഗം പ്രത്യേകം തയാറാക്കിയിട്ടുള്ള അപേക്ഷ ഫോറത്തിലാണ് അപേക്ഷകൾ നൽകേണ്ടത്.
15,000 ൽ പരം ജീവനക്കാരെയാണ് തെരഞ്ഞെടുപ്പു ജോലിക്കായി ജില്ലയിൽ കണക്കാക്കിയിട്ടുള്ളത്. അവർക്കെല്ലാം അറിയിപ്പുകൾ തെരഞ്ഞെടുപ്പു വിഭാഗത്തിൽനിന്ന് അയച്ചിട്ടുണ്ടെങ്കിലും അത് കൈപ്പറ്റുന്നതിനു മുമ്പുതന്നെ തെരഞ്ഞെടുപ്പു ജോലികളിൽനിന്ന് ഒഴിവായിക്കിട്ടാനുള്ള തിരക്കാണ് ഇലക്ഷൻ വിഭാഗത്തിൽ.
അതേസമയം ഇന്നും നാളെയുമായി നടക്കുന്ന തെരഞ്ഞെടുപ്പു പരിശീലന ക്ലാസിൽ പങ്കെടുക്കുന്നതിൽനിന്ന് ഒഴിവാക്കിക്കിട്ടാൻ യൂണിയൻ ബാങ്ക് അധികൃതർ ഇന്നലെ തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാനെ സമീപിച്ചു. സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് അവസാനമായതിനാൽ ജീവനക്കാർ കൂട്ടത്തോടെ പരിശീലനത്തിനു പോയാൽ ബാങ്കിലെ ജോലികൾ തടസപ്പെടുമെന്നു ബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടി.