സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് കാലത്ത് വരാൻപോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വലവീശിപ്പിടിക്കാൻ നെറ്റും നെറ്റ്വർക്കുമായി രാഷ്ട്രീയപാർട്ടികൾ ഒരുക്കം തുടങ്ങുന്നു.
പതിവിനു വിപരീതമായി ഇത്തവണ ഡിജിറ്റൽ സൈബർ പ്രചാരണമേ സാധ്യമാകൂ എന്നതിനാൽ ഇതിൽ വിദഗ്ധരായവരെ ഏകോപിപ്പിച്ച് ടീമുകളുണ്ടാക്കാൻ പാർട്ടികൾ തയാറെടുപ്പുകൾ തുടങ്ങി.
കോവിഡ് മൂലം മാറ്റിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പുകൾ മുടങ്ങില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ സൈബർ പോരാളികളെ തേടി നാടെങ്ങും അന്വേഷണം തുടങ്ങിയിരിക്കുകയാണ് പാർട്ടികളും സ്ഥാനാർഥിക്കുപ്പായം തുന്നി കാത്തിരിക്കുന്നവരും.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായതിനാൽ സ്ഥാനാർഥികളുടെ എണ്ണം കൂടുതലായിരിക്കുമെന്നതുകൊണ്ട് ഓരോ വാർഡിലും ഡിവിഷനിലും സൈബർ ഡിജിറ്റൽ വിദഗ്ധരുടെ സേവനം ഉറപ്പുവരുത്താൻ ഇപ്പോൾതന്നെ അന്വേഷണം തുടങ്ങാനാണ് പല രാഷ്ട്രീയപാർട്ടികളും തീരുമാനിച്ചിരിക്കുന്നത്.
യുവനിരയെ ഇത്തവണത്തെ സോഷ്യൽമീഡിയ കാന്പയിൻ ഏൽപ്പിക്കാനാണ് മിക്കവരും നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങളിൽ കോവിഡ് ചൂടിനിടയിലും ഇലക്ഷൻ ചൂട് കയറിക്കഴിഞ്ഞു.
കൂട്ടിക്കിഴിക്കലുകളും സൂത്രവാക്യങ്ങളുമായി അണിയറയിൽ രാഷ്ട്രീയപാർട്ടികൾ സജീവമാകുന്നതോടൊപ്പം കോവിഡ് കാലത്തെ പ്രചാരണം എങ്ങനെ കൊഴുപ്പിക്കണമെന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
സ്ഥാനാർഥി നിർണയത്തിനു മുന്പേ ടീസറുകൾ ഇറക്കി സീറ്റുറപ്പിക്കാൻ എന്തു ചെയ്യണമെന്ന ചോദ്യം പല സീറ്റുമോഹികളും ഉന്നയിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗപ്പെടുത്താമെന്നതാണ് ഇത്തവണ രാഷ്ട്രീയപാർട്ടികളുടെ മുന്നിലെ ഒരു പ്രധാന ചോദ്യം.
ലോക്സഭ തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള പ്രചാരണമാണ് പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയപാർട്ടികളും നടത്തിയത്. ഓരോ സ്ഥാനാർത്ഥിക്കും വാട്സാപ്പ് ഗ്രൂപ്പും,
സ്ബുക്ക് ലൈവും, സൈബർ വാർ റൂമും തുടങ്ങി സോഷ്യൽമീഡിയയിൽ ഉപയോഗിക്കാൻ സാധിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതിൽ കേരളം മികവു കാട്ടിയിരുന്നു.
നല്ല പ്രതികരണമാണ് ഈ സൈബർ പ്രചരണത്തിന് കിട്ടിയത്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പു പോലെയല്ല തദ്ദേശഭരണ തെരഞ്ഞെടുപ്പെന്നതിനാൽ അതിവിശാലമായ ഒരു നെറ്റ്വർക്കു തന്നെ വേണ്ടിവരുമെന്നതിനാൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
സമൂഹമാധ്യമ പ്രചാരണം തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്നതു മുതൽ കഴിയും വരെ നിലനിർത്തേണ്ടതുമുണ്ട്. നിശ്ചയിക്കപ്പെടുന്ന സ്ഥാനാർത്ഥിക്കൊപ്പം ഒരു സൈബർ ടീമിനെ വിട്ടുകൊടുക്കാനാണ് പലരും പദ്ധതിയിടുന്നത്.
പുറത്തിറങ്ങി വീടുവീടാന്തരം കയറിയിറങ്ങിയും നാടുചുറ്റിയുമുള്ള പ്രചരണം ഇക്കുറി എളുപ്പമല്ലാത്തതിനാൽ സൈബർ സഹായത്തോടെയുള്ള പ്രചരണം തന്നെയായിരിക്കും മുഖ്യം.
വാട്സാപ്പും മറ്റു സോഷ്യൽമീഡിയകളും മിക്കവരും ഉപയോഗിക്കുന്നതിനാൽ കാര്യങ്ങൾ എളുപ്പമായിരിക്കുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ. കുറേക്കൂടി എളുപ്പത്തിൽ പ്രചാരണം നടത്താനാകുമെന്നും വിലയിരുത്തുന്നു.
തങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത സാമൂഹ്യസേവനം, ജനക്ഷേമ പ്രവർത്തനങ്ങൾ, നാടിനും നാട്ടാർക്കുമായി നടത്തിയ കാര്യങ്ങൾ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുന്ന വർക്കാണ് തുടക്കത്തിൽ നടക്കുന്നത്. വെബ്രചാരണം എന്ന പേരുതന്നെ ചിലർ തങ്ങളുടെ സൈബർപ്രചരണത്തിന് നൽകിയിട്ടുണ്ട്.