ജിബിൻ കുര്യൻ
കോട്ടയം: കോവിഡ് കാലത്തു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും പതിവു തെരഞ്ഞെടുപ്പ് പ്രചാരണരീതികളെ യെല്ലാം മാറ്റിമറിച്ചു.
സ്ഥാനാർഥികളുടെ വോട്ടുപിടുത്തം, നേതാക്കളുടെ പ്രചാരണ രീതി, തെരഞ്ഞെടുപ്പ് യോഗങ്ങൾ, പോസ്റ്റർ പതിക്കൽ, ചുവരെഴുത്ത്, കുടുംബ യോഗങ്ങൾ, പര്യടനം തുടങ്ങി എല്ലാ കാര്യങ്ങളിലും സമൂലമായ മാറ്റം വന്നു.
കോവിഡ് നിയന്ത്രങ്ങളും പ്രോട്ടോക്കോളും പാലിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്കു രാഷ്്ട്രീയ പാർട്ടികൾ ഒന്നാകെ മാറി.
ഫേസ് ബുക്കിലൂടെയുള്ള ആശയപ്രചാരണം, സൂമിലൂടെ ജില്ലാ കമ്മറ്റി യോഗങ്ങൾ, വെർച്ച്വൽ റാലികൾ, യുട്യൂബ് വീഡിയോകൾ എന്നിവയിലൂടെ ജാഗ്രതയോടെയുള്ള രാഷ്്ട്രീയ പ്രവർത്തനമാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്.
കോണ്‍ഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ
കോട്ടയത്തെ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം അടുത്ത നാൾ വരെ സൂം മീറ്റിംഗിലൂടെയാണ് നടക്കുന്നത്. നിയോജക മണ്ഡലതല യോഗവും ഇങ്ങനെ തന്നെയാണ്.
കെപിസിസിയുടെ ജനശക്തി ഡിജിറ്റലൈ സ് എന്ന ആശയ പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് ജില്ലയിലും ഓണ്‍ലൈനിലൂടെയുളള പ്രചാരണവും മീറ്റിംഗുകളും നടക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.
പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈനിലൂടെയുളള ആശയപ്രചാരണം ശക്തമാക്കുന്നതിനായി ഡിജിറ്റൽ മീഡിയ സെല്ലിനു രൂപം നൽകിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കൾക്കു പുറമേ ഐടി പ്രഫഷണലുകളെ ഉൾപ്പെടുത്തിയാണ് സെല്ല് പ്രവർത്തിക്കുന്നത്. സ്ഥാനാർഥി നിർണയം പൂർത്തിയായാൽ ഉടൻ തന്നെ സ്ഥാനാർഥിയുടെ ഫോട്ടോയോടു കൂടിയുള്ള പോസ്റ്റർ ഫേസ്ബുക്കിലെത്തും.
വാട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോയും ഉടൻ വൈറലാകും. പിന്നെ പത്രികാ സമർപ്പണം മുതൽ തുടങ്ങുകയാണ് ഓരോ സ്ഥാനാർഥിയുടെയും ഡിജിറ്റൽ പ്രചാരണം. യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, സേവാദൾ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ആശയപ്രചാരണവും നടത്തുന്നുണ്ട്.
സിപിഎം ഓഫീസിൽ നവമാധ്യമ സ്റ്റുഡിയോ
കഴിഞ്ഞ നാലുമാസമായി ഓണ്‍ലൈനിലൂടെയാണ് സിപിഎമ്മിന്റെ ജില്ലയിലെ സംഘടന പ്രവർത്തനം. പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും സൂമിലൂടെ നടന്നതിനു പിന്നാലെ ജില്ലാ കമ്മറ്റിയോഗവും മൂന്നു തവണ സൂമിൽ ചേർന്നു. സോഷ്യൽ മീഡിയയിൽ ജില്ലയിൽ സിപിഎമ്മിന് സൈബർ മുഖം തന്നെയുണ്ട്.
ജില്ലാ കമ്മറ്റിയുടെ ഒൗദ്യോഗിക ഫേസ് ബുക്ക് പേജിനുവേണ്ട സ്റ്റുഡിയോയും മീഡിയ റൂമും കഴിഞ്ഞ മാസം തുടങ്ങി. ഇതിനു പുറമേ ഓരോ ഏരിയ കമ്മറ്റി ഓഫീസിലും സോഷ്യൽ മീഡിയ റൂമുകളും തുടങ്ങിയിട്ടുണ്ട്.
സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ അത്യാധുനിക നവമാധ്യമ സ്റ്റുഡിയോയാണ് തയാറാക്കിയിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ആർ.രഘുനാഥന്റെ ചുമതലയിൽ ജില്ലാ കമ്മറ്റിയംഗം എം.എസ്.സാനുവിന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ മീഡിയ സെൽ പ്രവർത്തിക്കുന്നത്.
സിപിഎമ്മിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി തയാറാക്കിയിരിക്കുന്ന ഗാനങ്ങൾ, സ്റ്റിക്കറുകൾ എന്നിവ അപ്പോൾ തന്നെ ഫേസ് ബുക്കിലും വാ്ട്സ് ആപ്പിലും എത്തിക്കും. തെരുവുനാടകങ്ങൾക്കു പകരമായി ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ എന്നിവയും തയാറാക്കിയിട്ടുണ്ട്.
സ്ഥാനാർഥിയുടെ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ, വീഡിയോകൾ, വാട്സ് ആപ്പ് സ്്റ്റാറ്റസുകൾ എന്നിവയും കൃത്യമായി മീഡിയ സെൽ നൽകുന്നു. നേതാക്കളുടെ പ്രസംഗങ്ങളും ദിവസവും നൽകുന്നുണ്ട്. ശനിയാഴ്ചകളിൽ വൈകുന്നേരം കേന്ദ്ര-സംസ്ഥാന നേതാക്കൾ പാർട്ടി പ്രവർത്തകർക്കായി ക്ലാസെടുക്കും.
സമൂഹമാധ്യമത്തിലെ പാർട്ടി പേജിൽ ഓരോ ബ്രാഞ്ചിന്റെയും പേരു പറഞ്ഞ് ലൈക്കും ഷെയറും ചെയ്യണം. മുതിർന്ന പാർട്ടി പ്രവർത്തകരെ സഹായിക്കുന്നതിനായി നവമാധ്യമ സഹായിയെ ഉപയോഗിക്കാമെന്നും നേതൃത്വം സമ്മതിച്ചിട്ടുണ്ട്.
ബിജെപിക്ക് ഓണ്‍ലൈൻ വാർഡ് മാനേജിംഗ് കമ്മറ്റി
ബിജെപി ജില്ലാ കമ്മറ്റി ജില്ലയിലെ 1210 വാർഡുകളിൽ ഓണ്‍ലൈൻ ആശയ പ്രചാരണത്തിന്റെ ഭാഗമായി വാർഡ് മനേജിംഗ് കമ്മറ്റി രൂപീകരിച്ചു കഴിഞ്ഞു.
ഈ വാർഡ് കമ്മറ്റി തങ്ങളുടെ വാർഡുകളിലെ ജനങ്ങളെ ഗ്രൂപ്പുകളിൽ അംഗങ്ങളാക്കി ബിജെപിയുടെ നയവും പരിപാടികളും വിശദീകരിക്കും. സംസ്ഥാന സർക്കാരിനെതിരേ വെർച്വൽ റാലികളും നടന്നു വരുന്നുണ്ട്.
സൂം മീറ്റിംഗിലൂടെ ബിജെപിയുടെ ജില്ലാ കമ്മറ്റിയോഗം ഇതിനോടകം ഒരു തവണ മാത്രമേ ചേർന്നുള്ളൂ. എന്നാൽ ഭാരവാഹികളുടെ യോഗം സൂമിലൂടെ ആറു തവണ ചേർന്നു. പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആശയ പ്രചാരണം ശക്തമാക്കാൻ ഐടി സെൽ കണ്‍വീനർമാരെ ബിജെപി നിയമിച്ചിട്ടുണ്ട്.
സിപിഐയ്ക്കും നവമാധ്യമ സ്റ്റുഡിയോ
സിപിഐയ്ക്കും ജില്ലാ കമ്മറ്റി ഓഫീസിൽ നവമാധ്യമ സ്റ്റുഡിയോ തയാറാണ്. ജില്ലാ കമ്മറ്റിയോഗവും മണ്ഡലം കമ്മറ്റി യോഗങ്ങളും സൂമിലൂടെയാണ് ഇപ്പോൾ നടക്കുന്നതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവമാധ്യമങ്ങളിലൂടെയുള്ള ആശയ പ്രചാരണം ശക്തമാക്കിയെന്നും സിപിഐ ജില്ലാ സെക്രട്ടറി സി. കെ.ശശിധരൻ പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗം, കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗം, എൻസിപി തുടങ്ങിയ പാർട്ടികളും സോഷ്യൽ മീഡിയയിലൂടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.