എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇലക്ഷൻ ഡ്യൂട്ടിക്ക് ഓടിയ വാഹനങ്ങളുടെ വാടക ലഭിക്കാതെ ഉടമകളും തൊഴിലാളികളും നട്ടം തിരിയുന്നു.
പോളിംഗ് സാമഗ്രികളും പോളിംഗ് ഉദ്യോഗസ്ഥരേയും കൊണ്ടുപോകുന്നതിന് ഇലക്ഷൻ കമ്മീഷൻ സ്വകാര്യവാഹനങ്ങൾ ആണ് വാടകയ്ക്ക് എടുത്തത്.
ഈ വാഹനങ്ങൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ വാടക നൽകിയിട്ടില്ല. തിരുവനന്തപുരം ജില്ല അടക്കം പല സ്ഥലത്തും ഇതുവരെ വാടക നൽകിയിട്ടില്ല.
പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിലാണ് വാഹനങ്ങൾ ഇലക്ഷൻ കമ്മീഷൻ വാടകയ്ക്കെടുത്തത്. ടൂറിസ്റ്റ് ബസുകൾ, മിനി ബസുകൾ, സ്കൂൾ ബസുകൾ തുടങ്ങിയ വാഹനങ്ങളാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിച്ചത്.
പോലീസ് വകുപ്പ് വിളിച്ച വാഹനങ്ങൾക്ക് മിക്കയിടത്തും വാടക നൽകിയിട്ടുണ്ട്. എന്നാൽ മോട്ടോർ വാഹന വകുപ്പ് വാടകയ്ക്ക് വിളിച്ച വാഹനങ്ങൾക്കാണ് ഇനിയും വാടക ലഭിക്കാനുള്ളത്.
ബ്ലോക്ക്, ഡിവിഷൻ അടിസ്ഥാനത്തിൽ ആണ് മോട്ടോർവാഹനവകുപ്പ് വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിച്ചത്. നെടുമങ്ങാട് താലൂക്കിലോടിയ വാഹനങ്ങൾക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല.
വാടകയ്ക്ക് ആയി വാഹന ഉടമകളും തൊഴിലാളികളും നിരന്തരം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളും ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും കയറിയിറങ്ങുകയാണ്.
വാടകയ്ക്കായി കളക്ടർക്കോ ആർഡിഓയ്ക്കോ പരാതി നൽകാനാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ബ്ലോക്ക് ഡിവിഷനിലെ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ല.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ് ഇതേ വാഹനങ്ങൾ തന്നെ ആയിരിക്കും ഇത്തവണയും മോട്ടോർ വാഹനവകുപ്പും പോലീസും വാടകയ്ക്ക് വിളിക്കുന്നത്.
കഴിഞ്ഞ തവണത്തെ വാടക ഇതുവരെ നൽകാത്ത സ്ഥിതിക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് വാഹനങ്ങൾ നൽകേണ്ടന്ന തീരുമാനത്തിലാണ് ഉടമകൾ.
മിനി ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും 6,000 മുതൽ 10,000 രൂപ വരെയാണ് വാടകയിനത്തിൽ നിശ്ചയിച്ചിരിക്കുന്നത്.
കോവിഡ് കാരണം ഓട്ടം ലഭിക്കാതെ ബുദ്ധിമുട്ടുന്ന വാഹന ഉടമകളേയും തൊഴിലാളികളേയും കൂടുതൽ ദുരിതത്തിലാക്കുന്നതാണ് മോട്ടോർ വാഹനവകുപ്പിന്റെ ഈ നടപടി.
നിർബന്ധപൂർവം
വാഹനം ഇലക്ഷൻ കമ്മീഷൻ ഓട്ടത്തിന് നിർബന്ധപൂർവം നൽകണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പലരും വാഹനം വിട്ടു നൽകിയത്.
വാഹനം വിട്ടു നൽകിയില്ലെങ്കിൽ നിയമനടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പലരും വാഹനങ്ങൾ നൽകിയത്. ഈ ദുരനുഭവം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകും എന്ന ഭയത്തിലാണ് ഇവർ.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വാഹനമോടിച്ച പണത്തിനായി ജില്ലാകളക്ടർ മാരെയും സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനേയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് വാഹന ഉടമകളും തൊഴിലാളികളും.
കോവിഡ് കാരണം സ്കൂൾ ബസുകൾ പലതും ഇൻഷുറൻസ് എടുക്കാത്തതിനാൽ ഓട്ടം നിർത്തിയിരിക്കുകയാണ്.
പോളിംഗ് സാമഗ്രികളേയും ഉദ്യോഗസ്ഥരേയും കൊണ്ടുപോകുന്നത് സാധാരണയായി സ്കൂൾ ബസുകളിലാണ്.
എന്നാൽ ഇത്തവണ സ്കൂൾ ബസുകൾ ഇൻഷുറൻസ് ഇല്ലാത്തതിനാൽ നിർത്തിയിട്ടിരിക്കുകയാണ്. ഇതു കാരണം സ്വകാര്യവാഹനങ്ങൾ ആണ് കൂടുതലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഓടിയത്.